'അത് എംജി അങ്കിളിന്റെ മുൻപിൽ മാത്രം പറയാവുന്ന പൊട്ടത്തരം'; മീനാക്ഷി അനൂപിനെ വിമർശിച്ച് ശാരദക്കുട്ടി
നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെതിരെ വിമർശന കുറിപ്പുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫെമിനിസത്തെ കുറിച്ച് മീനാക്ഷി പങ്കുവച്ച കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് ശാരദക്കുട്ടി വിമർശനം ഉന്നയിച്ചത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അവർ പ്രതികരിച്ചത്. നിരന്തരം സോഷ്യൽ മീഡിയയിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താറുള്ള മീനാക്ഷി അനൂപ് കഴിഞ്ഞ ദിവസമാണ് ഫെമിനിസത്തെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇതാണ് ശാരദക്കുട്ടിയെ ചൊടിപ്പിച്ചത്. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം.എന്നായിരുന്നു മീനാക്ഷി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇതാവട്ടെ വലിയ രീതിയിൽ വൈറലാവുകയും നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തുകയും ഒക്കെ ചെയ്‌തിരുന്നു.

മീനാക്ഷി ഇപ്പോൾ പറയുന്നത് പൊട്ടത്തരം ആണെന്നും അത് പിന്നീട് അവർക്ക് തന്നെ ബോധ്യമാവുമെന്നും ശാരദക്കുട്ടി പറയുന്നു. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു, യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസിലാക്കാനെന്നും ശാരദക്കുട്ടി കുറിപ്പിൽ പറയുന്നു. എംജി ശ്രീകുമാറിനെ പോലെയുള്ളവരുടെ മുൻപിൽ മാത്രം പറയാവുന്ന പൊട്ടത്തരം മാത്രമാണിതെന്നും ശാരദക്കുട്ടി പരിഹസിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മീനാക്ഷി പണ്ട് പറഞ്ഞതും ടോപ് സിംഗറിൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി-ഇരുമ്പ് തമാശ ഓർക്കുന്നു. ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ. ഫെമിനിസ്‌റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നൽകിയ ഉത്തരം താഴെ കൊടുക്കുന്നു.
"ചോദ്യം ഫെമിനിസ്‌റ്റാണോ.... ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ... ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ 'ഫെമിനിസം.'...."
മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്‌ടാന്തമുണ്ട്. യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ. ഇപ്പോൾ പറഞ്ഞത് ടോപ് സിംഗർ വേദിയിൽ എംജി അങ്കിളിന്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.
ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും. പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും. മറ്റൊരു 'പ്രിയങ്ക'രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ.












Click it and Unblock the Notifications