ദിലീപിന് കോടികള്‍ ചെലവാക്കേണ്ടി വന്നെന്ന് സുരേഷ് കുമാര്‍; 'മീനാക്ഷിയെ മദ്രാസിലേക്ക് മാറ്റി'
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെ സ്വാഗതം ചെയ്ത് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. ദിലീപിനോട് പൊതുസമൂഹം മാപ്പ് പറയണം എന്നും എത്ര വര്‍ഷമായി ദിലീപിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ ദിലീപും കുടുംബവും വലിയ ട്രോമയിലൂടെയാണ് കടന്ന് പോയത് എന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കേസ് കാരണം ദിലീപിന് കോടികള്‍ ചെലവാക്കേണ്ടി വന്നെന്നും മകള്‍ക്ക് ചെന്നൈയില്‍ പോയി പഠിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെയാണ് ഗൂഢാലോചന എന്നും അക്കാര്യം ദിലീപിനെ ജയിലില്‍ പോയി കണ്ടശേഷം തന്നെ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'സത്യമേവ ജയതേ. സത്യം ജയിക്കും എല്ലായ്‌പ്പോഴും. അതാണ് എനിക്ക് പറയാനുള്ളത്്. കാരണം ഇത് നേരത്തെ പറഞ്ഞത് പോലെ ഒരാള്‍ക്കെതിരെ നടത്തിയ, ചില സിനിമാക്കാരും പൊലീസുകാരും ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചനയാണ്. അത് ഇന്നല്ല, ആദ്യം മുതലെ ഞാന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ട് വന്ന എന്റെ ആദ്യത്തെ പ്രതികരണം അതായിരുന്നു. ഗൂഢാലോചന നടത്തി ദിലീപിനെ പിടിച്ച് അകത്തിട്ടിരിക്കുകയാണ് എന്നത്.
ഇപ്പോള്‍ ദിലീപിനെ ഒരു തെളിവും ഇല്ലാതെ വെറുതെ വിട്ടു. ഇതിനൊക്കെ ആര് ഉത്തരം പറയും. ഇദ്ദേഹം അനുഭവിച്ച, ആ കുടുംബം അനുഭവിച്ച ട്രോമ നമുക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടിയ ദിവസങ്ങളുണ്ട്. സ്‌കൂളില്‍ പോകാന്‍ കഴിയാതെ മോളെ അവസാനം മദ്രാസില്‍ പോയി താമസിപ്പിക്കേണ്ടി വന്നു. ആര്‍ക്കും വെളിയിലിറങ്ങാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു. അത്രയ്ക്ക് ട്രോമയാണ് ആ കുടുംബം മുഴുവന്‍ അനുഭവിച്ചത്.
അതിനൊക്കെ ആര് ഉത്തരം പറയും. ഗൂഢാലോചന നടത്തിയ ആളെ പിടിച്ച് അകത്തിടുകയാണ്. എന്തിനാണ് ഇത് ചെയ്തത്. തെളിവുണ്ടെങ്കില്‍ അത് നിരത്താന്‍ പറ്റണ്ടേ. ഒന്നും പറ്റിയിട്ടില്ല. ഇപ്പോള്‍ പറയുന്നത് കേട്ടു മേല്‍ക്കോടതിയില്‍ പോകും എന്ന്. മേല്‍ക്കോടതിയില്‍ പോകട്ടെ. പക്ഷെ ഈ 10 കൊല്ലം ഒരാളെ അതും ഏറ്റവും ഉന്നതങ്ങളില്‍ നിന്ന ആളെ എന്തുമാത്രം ഹരാസ് ചെയ്തു എന്നൊന്ന് ആലോചിച്ച് നോക്കണം.
ഇതിനൊക്കെ ആര് ഉത്തരം പറയും. എന്ത് മാത്രം പ്രശ്‌നങ്ങളുണ്ടാക്കി. എത്ര കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നു ഒരാളിന്. ഇതിനൊക്കെ പൊതുസമൂഹമാണ് ഉത്തരം പറയേണ്ടത്'












Click it and Unblock the Notifications