കേരളത്തിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കാന്‍ നന്ദിനി: തിരിച്ചടിക്കാന്‍ മില്‍മ, ഇനി കർണാടകയിലേക്കും
കൊച്ചി: കേരളത്തില്‍ പാല്‍വിതരണം കൂടുതല്‍ സജീവമാക്കാനൊരുങ്ങി കർണാടയുടെ 'നന്ദിനി'. മില്‍മയുടേയും സംസ്ഥാന സർക്കാറിന്റേയും എതിർപ്പ് അവഗണിച്ചാണ് നന്ദിനി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് നീക്കം. രണ്ടു വർഷം കഴിയുമ്പോള്‍ ഒരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങി സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിക്കാനും പദ്ധതിയുണ്ട്.
നിലവില്‍ എറണാകുളം ജില്ലയിലുള്‍പ്പെടെ ഔട്ട്ലെറ്റുകള്‍ തുറന്ന 'നന്ദിനി' കേരളത്തിൽ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് നേരത്തെ പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നാണ് നന്ദിനി വ്യക്തമാക്കുന്നത്. ക്യത്യമായ ഊഷ്മാവില്‍ പാല്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവർക്ക് മാത്രമായിരിക്കും ഏജന്‍സികള്‍ അനുവദിക്കുക.

പാല്‍ വിപണന രംഗത്ത് കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും നന്ദിനി വ്യക്തമാക്കുന്നു. കുറവുള്ള രണ്ടര ലക്ഷം ലീറ്റർ പാല്‍ വിപണിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ആറ് മാസത്തിനകം 25 ഔട്ട്ലെറ്റുകള്‍ ആരംഭിച്ച് ദിവസേന 25,000 ലീറ്റര്‍ പാല്‍ വിതരണം നടത്താനാണ് നന്ദിനി ഉദ്ദേശിക്കുന്നത്.
എറണാകുളം ജില്ലയില്‍ കാക്കനാടും എളമക്കരയിലുമാണ് നന്ദിനി നിലവില്‍ ഔട്ട്ലെറ്റുകള്‍ തുറന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലും ഔട്ട്ലെറ്റുകള്‍ പ്രവർത്തിക്കുന്നു. ഇതിന് പുറമെ കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്‌ലെറ്റുകള്‍ പ്രവർത്തനമാരംഭിക്കും.
അതേസമയം, നന്ദിനിയുടെ നീക്കത്തിന് മറുപടിയായി കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് മില്‍മയും ആലോചിക്കുന്നുണ്ട്. മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി കർണാടകയില്‍ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകയിലും നല്‍കിയാല്‍ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ എം ടി ജയൻ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
നന്ദിനിക്ക് പുറമെ അമുല്‍, ഇളനാട്, മലനാട്, ശക്തി തുടങ്ങിയ പതിനഞ്ചോളം ബ്രാന്‍ഡുകളും കേരളത്തിലെ പാല്‍വില്‍പ്പന രംഗത്തം പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ കർഷകരില്‍ നിന്നും നേരിട്ട് പാല്‍ സംഭരിച്ച് വിതരണം നടത്തുന്നത് മില്‍മ മാത്രമാണ്. മില്‍മ പാലിന് ഗുണമേന്മ ഏറെയാണെന്നും എംടി ജയന്‍ പറയുന്നു.












Click it and Unblock the Notifications