കേരളത്തിലും 'ആപ്പ്' മന്ത്രിയോ? പോലീസിന്റെ അകമ്പടിയെ പറ്റി മന്ത്രിയുടെ പരിവേദനം
കാസര്‍കോട്: പോലീസ് എസ്‌കോര്‍ട്ടും ചുവന്ന ബീക്കണ്‍ ലൈറ്റും ഉപേക്ഷിച്ച, ദില്ലിയിലെ ആം ആദ്മി മന്ത്രിമാരെ കുറിച്ച് നാം കുറേനാള്‍ ചര്‍ച്ച ചെയ്തതാണ്. കേരളത്തിലെ ഇപ്പോഴത്തെ ചില മന്ത്രിമാരും ഇങ്ങനെയൊക്കെ ആണെന്നാണ് തോന്നുന്നത്.
രാവിലെ മുതല്‍ രാത്രിവരെ പോലീസുകാര്‍ പിന്തുടരുകയാണെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുന്നത്. മൂത്രമൊഴിയ്ക്കാന്‍ പോലും അനുവദിയ്ക്കാത്ത വിധത്തിലാണ് അകമ്പടി. ഗാര്‍ഡ് വേറേയും. ഇതെല്ലാം മാറ്റേണ്ട സമയമായി എന്നാണ് മന്ത്രിയുടെ പക്ഷം.

പോലീസുകാരുടെ അകമ്പടിയെ കുറിച്ച് മന്ത്രി പ്രതികരിച്ചത് പോലീസുകാരുടെ സംഘടനയുടെ ജില്ലാ സമ്മേളത്തില്‍ തന്നെ ആയിരുന്നു.പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആയിരുന്നു വേദി.
പോലീസിന്റെ അകമ്പടി രാജവാഴ്ചയേക്കാള്‍ കടുപ്പമാണെന്നാണ് ചന്ദ്രശേഖരന്‍ പറയുന്നത്. ഇത് പഴഞ്ചന്‍ രീതിയാണ്, പരിഷ്‌കൃത സമൂഹത്തിന് തീരെ യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചട്ടങ്ങളുടെ ഭാഗമാണെന്ന് മന്ത്രിയ്ക്ക് അറിയാം.
മന്ത്രിയ്ക്ക് എന്തിനാണ് ഇത്രയധികം പരിവാരങ്ങള്‍ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. പോലീസ് അകമ്പടി വന്‍ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അകമ്പടിയുടെ കാര്യത്തില്‍ പുതിയ മന്ത്രിമാര്‍ക്ക് അത്ര നിര്‍ബന്ധമൊന്നും ഇല്ലെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം മന്ത്രി സുനില്‍കുമാര്‍ പോലീസ് അകമ്പടിയൊന്നും ഇല്ലാതെ കാല്‍നടയായി പോകുന്നതിന്റെ ചിത്രവും പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications