ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് സംസാരിച്ചാൽ നിയമനടപടിയോ? വിശദീകരിച്ച് കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ പിൻ സീറ്റിൽ ഉള്ളവരുമായി സംസാരിച്ചാൽ നിയമ നടപടി സ്വീകരിക്കാനും പിഴയീടാക്കാനുമുള്ള തീരുമാനം അടുത്തിടെയാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച സർക്കുലറും പുറത്തുവന്നിരുന്നു. എന്നാൽ ഈ തീരുമാനം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
ഈ ഉത്തരവ് അപ്രായോഗികമാണെന്നാണ് മന്ത്രി തന്നെ അഭിപ്രായപ്പെടുന്നത്. ഡ്രൈവ് ചെയ്യുന്നയാളോട് പിന്നിൽ ഇരുന്ന് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമാണെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലർ മാത്രമാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ലെന്നും ഗണേഷ് ചൂണ്ടിക്കാണിച്ചു.

ഗതാഗത മന്ത്രിയെന്ന നിലയിൽ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ ഈടാക്കണമെന്നും നടപടി എടുക്കണമെന്നുമായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.
ഇരു യാത്രക്കാരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ സർക്കുലർ പുറത്തുവന്നതിന് പിന്നാലെ യാത്രക്കാർക്ക് ഒപ്പം എംവിഡി ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്. വിവിധ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ ഈ വിഷയത്തെപ്പറ്റി തിരക്കിയപ്പോൾ പലർക്കും ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് മനസിലായത്.
ജൂലൈ 18ന് ജോയിന്റ് ട്രാന്‍സ്‌പോർട് കമ്മീഷണറാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ആര്‍ടിഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. കൊച്ചി സ്വദേശിയുടെ പരാതിയാണ് സര്‍ക്കുലറിന് അടിസ്ഥാനം. ഇരുചക്ര വാഹനത്തിന്റെ പിന്നിൽ ഇരിക്കുന്നവർ സംസാരിക്കുന്നത് വഴി അപകടങ്ങൾ പതിവാകുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
നിലവിലെ സാഹചര്യത്തിൽ പിഴ ഈടാക്കുമോ എന്ന കാര്യത്തിൽ എംവിഡി അധികൃതർക്കും കൃത്യമായ ഉത്തരമില്ല. ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നതും വെല്ലുവിളിയാണ്. പ്രത്യേകിച്ച് നിരത്തുകളിൽ ഇത്തരം സംസാരങ്ങൾ പതിവാണ് എന്നതിനാൽ തന്നെ നിയമലംഘനത്തിന്റെ പരിധിയിൽ പെടുത്തിയാൽ 90 തൊണ്ണൂറ് ശതമാനം ഇരുചക്ര വാഹന യാത്രക്കാർക്ക് എതിരെയും കേസടുക്കേണ്ടി വരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ ഗതാഗത മന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. എംവിഡി ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തിയ ശേഷമേ തുടർ നടപടികൾ തീരുമാനിക്കൂ എന്നായിരുന്നു മുൻ നിലപാട്. എന്നാൽ വിഷയത്തിൽ ഗണേഷ് കുമാർ തന്നെ ഇപ്പോൾ എതിരഭിപ്രായം പ്രകടിപ്പിച്ച സ്ഥിതിക്ക് എന്താവും ഇനി ഇതിന്റെ ഭാവി എന്ന് കണ്ടറിയണം.












Click it and Unblock the Notifications