കാത്തിരിപ്പിന് വിരാമം, കടുങ്ങല്ലൂരിലെ 5 കുടുംബങ്ങൾക്ക് പട്ടയം, വഴി തുറന്നത് പി രാജീവിന്റെ അദാലത്ത്
കൈവശഭൂമിയുടെ പട്ടയം ഇല്ലാതെ പ്രതിസന്ധിയിലായ കടുങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങൾക്ക് ഒടുവിൽ ആശ്വാസം. മന്ത്രി പി രാജീവിന്റെ പബ്ളിക് സ്ക്വയർ പൊതുജന പരാതി പരിഹാര അദാലത്തിലൂടെയാണ് ഈ 5 കുടുംബങ്ങളുടെ ദീർഘകാലമായുളള വേദനയ്ക്ക് പരിഹാരമായത്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം എരമം സ്വദേശികളായ എം സി സജീവൻ, കെ എൻ ശ്രീകല, അമ്മിണി കാവലൻ, സാബു, ഉത്തമൻ എന്നിവർക്കാണ് പട്ടയം അനുവദിച്ച് നൽകിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മന്ത്രിയുടെ കയ്യിൽ നിന്ന് നേരിട്ട് പട്ടയം ഏറ്റുവാങ്ങിയതോടെ ആ മുഖങ്ങളിൽ ആശ്വാസത്തിന്റെ ചിരികൾ തെളിഞ്ഞ് വന്നു.

ഏറെ നാളുകളായി ഇവർ പട്ടയത്തിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. എന്നാൽ പല സാങ്കേതിക കാരണങ്ങൾ കൊണ്ടും പട്ടയം അനുവദിച്ച് കിട്ടിയില്ല. ഇതോടെയാണ് ഇവർ 5 പേരും അവസാന പ്രതീക്ഷ എന്ന നിലയ്ക്ക് മന്ത്രിയുടെ അദാലത്തിൽ പരാതി നൽകിയത്. അതാകട്ടെ പ്രശ്നപരിഹാരത്തിലേക്ക് വഴി തുറക്കുകയും ചെയ്തു.
സബ്കളക്ടർ മുതൽ വില്ലേജ് അസിസ്റ്റന്റ് വരെ ഒരുമിച്ച് നിന്ന് പരാതി പരിഹാരത്തിന് ഇറങ്ങിയതോടെ തടസ്സങ്ങൾ നീങ്ങി. അദാലത്ത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം പട്ടയങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തി. മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിലാണ് മന്ത്രി പി രാജീവ് 5 പട്ടികജാതി കുടുംബങ്ങൾക്കും അവരുടെ ഭൂമിയുടെ പട്ടയം കൈമാറിയത്. മന്ത്രിക്ക് ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞാണ് അഞ്ച് പേരും അദാലത്തിൽ നിന്ന് മടങ്ങിയത്.
മന്ത്രി പി രാജീവിന്റെ നിയമസഭാ മണ്ഡലമായ കളമശ്ശേരിയിലെ ആറ് തദ്ദേശസ്ഥാപനങ്ങളിലും നടത്തിയ പബ്ളിക് സ്ക്വയർ പൊതുജന പരാതി പരിഹാര അദാലത്തിലൂടെ ഇത്തരത്തിൽ നിരവധി പേരുടെ വർഷങ്ങളായുളള പല പരാതികൾക്കുമാണ് പരിഹാരം കണ്ടത്. ആകെ 1280 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇവയിൽ 908 പരാതികൾ തീർപ്പാക്കിക്കഴിഞ്ഞു. 372 പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം അവശേഷിക്കുന്ന പരാതികളും തീർപ്പാക്കാൻ മന്ത്രി പി രാജീവ് നിർദേശിച്ചു.












Click it and Unblock the Notifications