'മക്കള്‍ രക്ഷപ്പെടണമെന്ന് ഏത് പിതാവും ആഗ്രഹിക്കും'... റിയാസിന്റെ മന്ത്രിപദവി!! ബഹളം, മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനാണ് പിഎ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച് മികച്ച വിജയം നേടിയ റിയാസിന് മന്ത്രി പദവി നല്‍കിയപ്പോള്‍ തന്നെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. മക്കള്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിപിഎമ്മും ഇടതുപക്ഷവും മക്കള്‍ രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതുകൊണ്ടല്ല, രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തന പരിചയവും മികവും കൊണ്ടാണ് റിയാസിനെ മന്ത്രിയായി പരിഗണിച്ചത് എന്ന് സിപിഎം തിരിച്ചടിച്ചു. എന്നാലിപ്പോള്‍ വിഷയം നിയമസഭയിലും ചര്‍ച്ചയായി. ബഹളമായി. അതിങ്ങനെ...
പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

ബാബുവിന്റെ വാക്കുകള്‍ ചൊടിപ്പിച്ചു
പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ബന്ധിപ്പിച്ച് കോണ്‍ഗ്രസ് അംഗം കെ ബാബുവാണ് പ്രസംഗത്തിനിടെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. എം സ്വരാജിനെ പരാജയപ്പടുത്തി തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിച്ചാണ് ബാബു വീണ്ടും സഭയിലെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഭരണപക്ഷത്തെ ചൊടിപ്പിച്ചു.

താന്‍ കുറ്റം പറയില്ല
റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ കുറ്റം പറയില്ല. മക്കള്‍ രക്ഷപ്പെടാന്‍ ഏത് പിതാവും ആഗ്രഹിക്കുമെന്നായിരുന്നു ബാബുവിന്റെ വാക്കുകള്‍. ഇത് പിന്‍വലിക്കണമെന്നും അതിര് കടന്നുവെന്നും സിപിഎം അംഗങ്ങള്‍ എഴുന്നേറ്റ് പറഞ്ഞു. നേരിടാന്‍ പ്രതിപക്ഷവും എഴുന്നേറ്റു. ആകെ ബഹളം.

അതൊക്കെ കയ്യില്‍ വച്ചാല്‍ മതി
നിയമസഭ ബഹളത്തില്‍ മുങ്ങിയെങ്കിലും അതൊന്നും കാര്യമാക്കാതെ കെ ബാബു തന്റെ പ്രസംഗം തുടര്‍ന്നു. ബഹളം ശക്തമായപ്പോള്‍ പ്രസംഗത്തിനിടെ ബാബുവിന്റെ മറുപടി വീണ്ടും. പോ മക്കളെ, അതൊക്കെ കയ്യില്‍ വച്ചാല്‍ മതി എന്ന് അദ്ദേഹം ഭരണപക്ഷ എംഎല്‍എമാരെ നോക്കി പറഞ്ഞു.

സമയം കഴിഞ്ഞു!!
സമയം കഴിഞ്ഞെന്നും പ്രസംഗം നിര്‍ത്തണമെന്നും സ്പീക്കര്‍ ബാബുവിനോട് ഇടയ്ക്കിടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ബാബു തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയേ ഇരിക്കൂ എന്ന മട്ടില്‍ തുടര്‍ന്നു. അടുത്ത പ്രസംഗം എംഎം മണിയുടേതാണ്. അദ്ദേഹത്തിന് മൈക്ക് കൈമാറുന്നുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

പര്യവസാനം ഇങ്ങനെ
എങ്കിലും ബാബു പ്രസംഗം നിര്‍ത്തിയില്ല. തന്റെ വാക്കുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ബഹളം ശക്തമായതോടെ സ്പീക്കര്‍ ഇടപെട്ട് മൈക്ക് മണിക്കു കൈമാറിയതോടെ ബാബു ഇരുന്നു. ബഹളവും അവസാനിച്ചു. പറഞ്ഞതില്‍ തെറ്റില്ലെന്ന മട്ടില്‍ ബാബുവും വിട്ടുകൊടുത്തില്ലെന്ന ഭാവത്തില്‍ ഭരണപക്ഷവും.

ആ വിവാഹം കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ വര്‍ഷമാണ് മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയെ വിവാഹം കഴിച്ചത്. കൊറോണ കാലത്ത് വളരെ ലളിതമായ ചടങ്ങായിരുന്നു ക്ലിഫ് ഹൗസില്‍ നടന്നത്. അതേസമയം, റിയാസ് അതിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമാണ്. മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന ലേബലില്‍ അല്ല അദ്ദേഹം ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നതെന്നും സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നു.
Recommended Video

മുഖ്യമന്ത്രിയെ കുറിച്ച് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഗൃഹനാഥനാണ്. തങ്ങള്‍ ഒരുമിച്ച് ടിവി കാണാറുണ്ട്. ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹത്തെ സമീപിക്കേണ്ട ആവശ്യം എനിക്കില്ല. അദ്ദേഹം അത്തരത്തില്‍ അനുവദിച്ച് തരുന്ന വ്യക്തിയുമല്ല- എന്നാണ് നേരത്തെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തിന് ചില ചാനല്‍ ചര്‍ച്ചകളില്‍ റിയാസ് പ്രതികരിച്ചത്.












Click it and Unblock the Notifications