കൈയ്യേറ്റ ശ്രമം; ജോയ്‌സ് ജോര്‍ജ് കൊലകൊല്ലിയെ പോലെയെന്ന് തിരുവഞ്ചൂര്‍
തൊടുപുഴ: മാമലക്കണ്ടം കുറത്തിക്കുടി റോഡ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒരുവിഭാഗം തടഞ്ഞുതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തു. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിയുടെ വാഹനം തടഞ്ഞത്. മാമലക്കണ്ടം കുറത്തിക്കുടി റോഡിന് എട്ടുമീറ്ററില്‍ പണിത കലുങ്ക് പൊളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രി പരിശോധനയ്‌ക്കെത്തിയത്.
മന്ത്രിയെ ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിലുള്ളവര്‍ തടഞ്ഞതോടെ എംപിയുടെ വാഹനം ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉടലെടുക്കുകയായിരുന്നു. മന്ത്രിയെ ജോയ്‌സ് ജോര്‍ജ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പിന്നീട് ആരോപണം ഉയരുകയുണ്ടായി.

ജോയ്‌സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെയാണ് പെരുമാറിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ പിന്നീട് പ്രതികരിച്ചു. സിപിഎം പോലും മാന്യമായാണ് പ്രതികരിച്ചത്. ഒരു എംപിക്ക് ചേര്‍ന്ന പ്രതികരണമല്ല ജോയ്‌സ് നടത്തിയത്. പുത്തനച്ചിയുടെ ആവേശമാണ് അദ്ദേഹം കാണിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മാമലക്കണ്ടം കുറത്തിക്കുടി റോഡിന് 3 മീറ്റര്‍ വീതിയായിരുന്ന വനം വകുപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ എട്ടു മീറ്റര്‍ കൈയ്യേറി കലുങ്ക് നിര്‍മിച്ചെന്ന് കാട്ടി വനം വകുപ്പ് കലുങ്ക് പൊളിച്ചു കളയുകയും കേസെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരെ ജോയ്‌സ് ജോര്‍ജ് എംപി നിരാഹാര സമരം നടത്തിയരുന്നു. പ്രശ്‌നം ഒത്തു തീര്‍പ്പാക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രശ്‌നം പഠിക്കാനും ചര്‍ച്ച ചെയ്തു പരിഹാരം ഉണ്ടാക്കാനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിനായിട്ടായിരുന്നു അദ്ദേഹം സംഭവസ്ഥലത്തെത്തിയത്.












Click it and Unblock the Notifications