കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ വേട്ടയാടുകയാണ്, വിമർശനവുമായി മന്ത്രി ടിപി രാമകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ലേബര്‍ കോഡുകള്‍ക്കെതിരെ സംസ്ഥാന തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ വേട്ടയാടുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലാണ് പ്രതികരണം. ടിപി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' രാജ്യത്തെ തൊഴിലാളികള്‍ സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം നിഷേധിക്കുന്ന ലേബര്‍ കോഡുകള്‍ ഏകപക്ഷീയമായി പാസാക്കിയെടുത്ത കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ വേട്ടയാടുകയാണ്. തൊഴിലാളികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും യഥേഷ്ടം പിരിച്ചുവിടാനും തൊഴിലുടമകള്‍ക്ക് അവകാശം നല്‍കുന്നതാണ് ഭേദഗതികള്‍.

കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കാര്‍ഷിക ബില്ലുകള്‍ ചട്ടവിരുദ്ധമായി പാസാക്കിയതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രധാനമായ തൊഴില്‍ചട്ട ബില്ലുകള്‍ ചര്‍ച്ചക്കുള്ള അവസരം പോലും നിഷേധിച്ച് ലോകസഭയിലും രാജ്യസഭയിലും തിരക്കിട്ട് പാസ്സാക്കിയെടുത്തത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവകാശസമരങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയും സാമൂഹികസുരക്ഷ ഇല്ലാതാക്കുകയും ചെയ്യുന്ന ലേബര്‍കോഡുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിവിടുകയാണ്.

tpr

ലേബര്‍ കോഡുകള്‍ സംബന്ധിച്ച് കേരളത്തിന്‍റെ ശക്തമായ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും എതിര്‍പ്പും ലേബര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും തള്ളി ഏകപക്ഷീയമായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യവസായബന്ധ കോഡ് തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം ഉള്‍പ്പെടെ നിഷേധിക്കുന്നു. ലേ-ഓഫ്, റീട്രെഞ്ച്മെന്‍റ് തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ ചെറിയ സ്ഥാപനങ്ങള്‍ക്കുപോലും അനുമതി ലഭിക്കുകയാണ്.

മുന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം നല്‍കുന്നു. പാര്‍ലമെന്‍റ് അംഗീകരിച്ച സാമൂഹ്യ സുരക്ഷാ കോഡും, തൊഴില്‍സുരക്ഷയും ആരോഗ്യവും തൊഴില്‍സാഹചര്യവും സംബന്ധിച്ച കോഡും തൊഴിലാളിവര്‍ഗ്ഗത്തിന് നേരെ സമാനമായ നിരവധി വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ജോലിസമയം, അവധി, ശമ്പളം, വേതനനിരക്ക് എന്നിവ സംബന്ധിച്ച് തൊഴിലാളികളെ അറിയിക്കുന്ന രീതി, തൊഴില്‍ അവസാനിപ്പിക്കല്‍, തൊഴിലാളികള്‍ക്കുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഇന്‍ഡസ്ട്രീയല്‍ എംപ്ലോയ്മെന്‍റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്സ്) നിയമത്തിലെ പ്രധാന വ്യവസ്ഥകളെല്ലാം പുതിയ കോഡില്‍ പൊളിച്ചെഴുതിയിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ലേബര്‍ കോഡുകള്‍ രാജ്യത്തിനാകെ ബാധകമായ സാഹചര്യത്തിലും തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍-സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ നടപടികളും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കും. തൊഴിലാളിക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോകില്ല. കോഡുകളുടെ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്''.

English summary
Minister TP Ramakrishnan slams Labour codes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X