‘തുറമുഖ നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്താനാകില്ല’; മന്ത്രി വി അബ്ദുറഹ്‌മാന്‍
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്തിയില്ല. സമരസമിതിയെ ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ വിശദീകരണം. എന്നാൽ ഇന്നലെത്തന്നെ ചർച്ച സംബന്ധിച്ച അറിയിപ്പ് സമരസമിതി അംഗങ്ങൾക്ക് നൽകിയെന്നാണ് മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണം. സമരസമിതി ചർച്ചയ്ക്ക് വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണം ഏകപക്ഷീയമായി നിർത്തിവയ്ക്കാനാകില്ലെന്നാണ് മന്ത്രി ആവർത്തിക്കുന്നത്. തുറമുഖ നിർമാണം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സർക്കാർ തയാറാണ്. പോസിറ്റീവായ നിലപാടാണ് സമരത്തിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്നിട്ടും സമരം നീട്ടിക്കൊണ്ട് പോകുന്നത് ശരിയാണോ എന്ന് സമരക്കാർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം നിലനിൽപ്പിനുള്ള സമരമെന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ വിഴിഞ്ഞത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും കടൽത്തീരത്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഭരണഘടനാപരമാണെന്നും സർക്കുലറിൽ പറയുന്നു. സമരവുമായി മുന്നോട്ട് പോകണമെന്നും വിഭജിക്കാനും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ വീഴരുതെന്നും സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നിയമ പരിരക്ഷ തേടുമെന്നും സർക്കുലറിൽ അതിരൂപത ലത്തീൻ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് .ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നും മെത്രാൻ സമിതി കൊച്ചിയിൽ ആവശ്യപെട്ടു. തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ലത്തീൻസഭയുടെ പൂർണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി.
തീരവാസികളുടെ പ്രതിസന്ധികൾ പരിഹരിക്കാൻ സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി വ്യക്തമാക്കിയിട്ടുണ്ട്. തീരത്തെ സ്ഥിതി ഗുരുതരമാണ്. വിഴിഞ്ഞത്തിനടുത്ത പ്രദേശങ്ങളിൽ നിന്നും പരമ്പരാഗത ജീവനോപാധികളിൽ നിന്നും ജനങ്ങൾ പുറത്താക്കപ്പെടുന്നതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖ നിർമാണത്തിന്റെ പാർശ്വഫലമായ പരിസ്ഥിതിനാശം ന്യായീകരണം അർഹിക്കുന്നതല്ല. കിലോമീറ്ററുകളോളം തീരം ഇല്ലാതായി. കടൽകയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെട്ടു.
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി
അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസനവിരോധികളെന്നു മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും നടക്കുന്നുവെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പറഞ്ഞിരുന്നു.തിരുവനന്തപുരം ലത്തീൻ അതിരൂപത നയിക്കുന്ന സമരത്തിനു കെസിബിസി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ് എന്നിവർ പറഞ്ഞു












Click it and Unblock the Notifications