വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി? ദൃശ്യങ്ങള്‍ പുറത്ത്; അപായപ്പെടുത്തിയോയെന്ന് ആശങ്കയുണ്ടെന്ന് സഹോദരി
പാലക്കാട്: മലപ്പുറത്ത് നിന്നും കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെ നിന്നും വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹത്തിന്റെ മൂന്ന് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. അഞ്ചാം ദിവസവും പോലീസില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സാമ്പത്തിക ഇടപാടിന്റെ പേരില്‍ സഹോദരനെ ആരെങ്കിലും പിടിച്ച് വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തോയെന്ന് ആശങ്കയുണ്ടെന്ന് വിഷ്ണുജിത്തിന്റെ സഹോദരി ജസ്‌ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബുധനാഴ്ച്ച രാത്രി 7.45ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂര്‍ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കഞ്ചിക്കോട് ആണ് വിഷ്ണുവിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി ലഭിച്ചത്.
കഞ്ചിക്കോട്ട് വിഷ്ണു ജോലി ചെയ്യുന്ന ഐസ്‌ക്രീം ഫാക്ടറിയിലെ സുഹൃത്തുക്കളെയും കൂട്ടി പോലീസ് ഇന്നലെ അന്വേഷണം നടത്തിയിരുന്നു. തന്റെ കൈയ്യില്‍ നിന്ന് വിഷ്ണുജിത്ത് ഒരു ലക്ഷം രൂപ വാങ്ങിയെന്ന് സുഹൃത്തായ ശരത് പോലീസിനോട് പറഞ്ഞിരുന്നു.മഞ്ചേരി സ്വദേശിനിയുമായി വിഷ്ണുജിത്തിന്റെ വിവാഹം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്.
അതേസമയം വിഷ്ണുജിത്ത് സാമ്പത്ത് ബുദ്ധിമുട്ടുകള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സുഹൃത്തുക്കളോ വിളിച്ച് ആര്‍ക്കോ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല. സുഹൃത്തുക്കളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും കുടുംബം പറഞ്ഞു. ബുധനാഴ്ച്ച സഹോദരിയുടെ അക്കൗണ്ടിലേക്ക് വിഷ്ണുജിത്ത് പതിനായിരം രൂപ അയച്ചിരുന്നു.
കാണാതാകുന്ന സമയത്ത് വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഉടന്‍ തിരിച്ചുവരാമെന്നാണ് വിഷ്ണു വീട്ടില്‍ പറഞ്ഞിരുന്നത്. പിന്നീടാണ് വിവാഹത്തിനായി പണം സംഘടിപ്പിക്കാനുണ്ടെന്നും, പാലക്കാട്ട് പോയതാണെന്നും വീട്ടില്‍ വിളിച്ചറിയിക്കുന്നത്.
അവസാനം വിളിച്ച സുഹൃത്തിനോട് എന്തോ ഇഷ്യു ഉണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നുവെന്ന് സഹോരി ജസ്‌ന പറയുന്നു. അത് തീര്‍ത്തിട്ട് വരാമെന്നാണ് പറഞ്ഞത്. ഒരാള്‍ക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ കുറച്ച് സീനാണെന്ന് സുഹൃത്തിനോട് വിഷ്ണു പറഞ്ഞതായും ജസ്‌ന പറയുന്നു.
പണം കൊടുക്കാനെത്തിയപ്പോള്‍ അവിടെ പിടിച്ച് വെച്ചതാകും, ആശങ്കയുണ്ടെന്നും സഹോദരി പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പറഞ്ഞിട്ടില്ലെന്നും ജസ്‌ന പഞ്ഞു. വിഷ്ണുജിത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചൊന്നും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും അമ്മ ജയ പറഞ്ഞു. വിഷ്ണുജിത്തിനെ കണ്ടെത്താനായി മലപ്പുറം എസ്പി രണ്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications