പിണറായി അപമാനം.. മന്ത്രി സ്ഥാനലബ്ധിയ്ക്ക് ശേഷം മുരളീധരന്റെ ആദ്യ പ്രതികരണം; മോദി കേരളത്തെ കൈവിട്ടില്ല
ദില്ലി: കേന്ദ്ര മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് വി മുരളീധരന്‍. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പായാണ് കേരളത്തില്‍ നിന്ന് വി മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്ന് വി മുരളീധരന്‍ മാത്രമേ നിലവില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളൂ.
കേരളത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് കേന്ദ്ര മന്ത്രി പദത്തിലേക്ക്, വി മുരളീധരന്റെ ജൈത്രയാത്ര ഇങ്ങനെ
കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് തന്റെ മന്ത്രി സ്ഥാനം എന്നാണ് വി മുരളീധരന്‍ പറഞ്ഞത്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. അമിത് ഷാ ആയിരുന്നു ആദ്യം വിളിച്ച് വിവരം പറഞ്ഞത്. പിന്നീട് ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നും വിളിവന്നു എന്നും വി മുരളീധരന്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത പിണറായി വിജയനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരിക്കും വി മുരളീധരന്‍.

മോദി കൈവിട്ടില്ല
കേരളത്തില്‍ ഇത്തവണയും ബിജെപിയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. എങ്കിലും നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്നാണ് വി മുരളീധരന്‍ പറയുന്നത്. ഇപ്പോഴത്തെ സ്ഥാനലബ്ധി അതിന്റെ സൂചനയാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

സന്തോഷം
കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലുള്ള സന്തോഷവും അദ്ദേഹം മറച്ചുവച്ചില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ പദവി. ഉത്തരവാദിത്തം ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് തന്നെ ഇടപെടും എന്നും അദ്ദേഹം വ്യക്തമാക്കി.

ഒട്ടും വൈകിയില്ല
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തന്നെ വി മുരളീധകരന്‍ രാജ്യസഭ എംപി ആയിരുന്നു. മന്ത്രിസഭ പുന:സംഘടനയില്‍ മുരളീധരന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍, അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ ആയിരുന്നു മോദി തിരഞ്ഞെടുത്തത്.
എന്നാല്‍, മന്ത്രിപദവി കിട്ടാന്‍ വൈകിയിട്ടില്ലെന്നാണ് വി മുരളീധരന്റെ നിലപാട്.

പിണറായിക്കെതിരെ
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് കേരള മുഖ്യമന്ത്രി പിണറായി വിജയനേയും ക്ഷണിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതില്‍ പങ്കെടുക്കുന്നില്ല. ഈ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരം ആണെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും സന്തോഷം
വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഏറെ അനുഭവ സമ്പത്തും കഴിവും ഉള്ള നേതാവാണ് വി മുരളീധരന്‍ എന്നും ഇത് കേരളത്തിന് അഭിമാനകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.