രാഹുലിനെതിരായ വിധി: അതിശയമില്ലെന്ന് കോണ്‍ഗ്രസ്, 'ഗുജറാത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല'
ഡല്‍ഹി: മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ അതിശയമില്ലെന്ന് കോണ്‍ഗ്രസ്. വർത്തമാന കാലത്ത് ഗുജറാത്തില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എഎസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിധിക്കെതിരെ പാർട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടകേസിലെ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
'രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി 11 മണിയോടെ പുറത്ത് വന്നു. അപ്പീല്‍ കോടതി തള്ളിയിരിക്കുകയാണ്. അതില്‍ ഞങ്ങള്‍ക്ക് അതിശയമൊന്നുമില്ല. പ്രതീക്ഷിച്ച കാര്യം തന്നെയാണ് ഇത്. ഗുജറാത്തില്‍ നിന്നും വർത്തമാന കാലത്ത് നീതി ലഭിക്കുക എന്നുള്ളത് നമുക്ക് ആർക്കും വിചാരിക്കാന്‍ കഴിയുന്ന കാര്യമല്ല' മണിപ്പൂർ വിഷയത്തില്‍ കോണ്‍ഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് കെസി വേണുഗോപാല്‍ പറഞ്ഞു.

'ഏത് അയോഗ്യതക്കും, വിധി ന്യായത്തിനും തകർക്കാന്‍ കഴിയാത്ത മനസുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് വിധി എഴുതുന്നവരും, അതിന് കളമൊരുക്കുന്നവരും എല്ലാം മനസ്സിലാക്കിയാല്‍ നന്ന്. ഇനിയുള്ള വഴി സുപ്രീംകോടതിയാണ്. ആ വഴി കൂടി പാർട്ടി തേടും'- കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
വിധിയുടെ പൂർണരൂപം പഠിച്ച ശേഷം അഭിഷേക് മനു സിംഗ്വി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാർട്ടി ആസ്ഥാനത്ത് വാർത്ത സമ്മേളനം നടത്തുമെന്ന് ഗുജറാത്തില്‍ നിന്നുള്ള കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിലും വ്യക്തമാക്കി. പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം അദ്ദേഹമായിരിക്കും അറിയിക്കുക. വിഷയം എന്തായാലും സുപ്രീംകോടതിയിലേക്ക് പോകുമെന്നത് ഉറപ്പായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുലിനെതിരായ വിധി സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരനായ ബിജെപി എംഎല്‍എ പൂർണേഷ് മോദി വ്യക്തമാക്കി. കോടതി വിധി എല്ലാവരും അംഗീകരിക്കണം. യഥാർത്ഥ അർത്ഥത്തിൽ അതാണ് സത്യമേവ ജയതേ..." ഗുജറാത്ത് സർക്കാറിലെ മുന്‍ മന്ത്രി കൂടിയായ പൂർണേഷ് മോദി പറഞ്ഞു.
മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധിയില്‍ തെറ്റുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുന്‍ എഐസിസി അധ്യക്ഷന്റെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. ഈ സാഹചര്യത്തില്‍ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ല. പത്തിലേറെ ക്രിമിനല്‍ കേസുകളുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി. സമാനമായ നിരവധി പരാതികള്‍ വേറെയുമുണ്ട്. അദ്ദേഹം സ്ഥിരമായി തെറ്റുകള്‍ ആവർത്തിക്കുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് രാഹുലിന്റെ ഹർജിയില്‍ വിധി പറഞ്ഞത്.












Click it and Unblock the Notifications