'മോഹന്‍ലാലിന്റെ ആ നീക്കം എല്ലാവരെയും ഞെട്ടിച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ ഷോക്കായിരുന്നു'
ഒട്ടനവധി വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് താര സംഘടനയായ അമ്മ സമീപകാലത്ത് കടന്നുപോയത്. 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ട ഈ പ്രതിസന്ധി ഇപ്പോഴും പൂര്‍ണമായി തീര്‍ന്നു എന്ന് പറയാറായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതോടെ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അല്‍പ്പം അടങ്ങവെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചൂടുപിടിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാ രംഗത്തെ വനിതകള്‍ നേരിടുന്ന വെല്ലുവിളികള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു എങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവര്‍ പക്ഷേ നിയമ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പിന്നാക്കം പോയി.

ഹേമ കമ്മിറ്റി വിവാദം ചൂടുപിടിച്ചപ്പോള്‍ പല താരങ്ങളും ആരോപണത്തിന്റെ മുള്‍മുനയിലായി. സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു തുടങ്ങി ഒട്ടേറെ പ്രമുഖ നടന്മാര്‍ ആരോപണങ്ങള്‍ നേരിട്ടു. ഈ പ്രതിസന്ധിക്കിടെയാണ് അമ്മയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ പദവി രാജിവച്ചത്. അന്ന് നടന്ന സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പുതിയ പ്രസിഡന്റ് ശ്വേത മേനോന്‍.
ലാലേറ്റന്റെ രാജി വലിയ ഞെട്ടലാണുണ്ടാക്കിയത് എന്ന് ശ്വേത മേനോന്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ ഷോക്കായിരുന്നു അത് എന്നും അവര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് പറഞ്ഞു. മോഹന്‍ലാല്‍ അന്ന് ഒറ്റപ്പെട്ട പോലെ തോന്നിയിട്ടുണ്ടാകും. അതായിരിക്കാം കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് എന്നും ശ്വേത അഭിപ്രായപ്പെട്ടു.
ഇന്നസെന്റിന് ശേഷമാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായത്. ആറ് വര്‍ഷത്തോളം അദ്ദേഹം ഈ പദവി അലങ്കരിച്ചു. വളരെ പെട്ടെന്ന് തോല്‍വി സമ്മതിക്കുന്ന ആളല്ല മോഹന്‍ലാല്‍ എന്ന് ശ്വേത മോനോന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രകൃതം വച്ചുനോക്കിയാല്‍ രാജി വയ്ക്കാന്‍ സാധ്യതയില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.
പുതിയ ഉത്തരവാദിത്തം എത്രത്തോളം ഭാരിച്ച ചുമതലയാണ് എന്ന് ശ്വേതയ്ക്ക് വ്യക്തമായി അറിയാം. അടുത്തിടെ ഉയര്‍ന്ന മെമ്മറി കാര്‍ഡ് വിവാദം പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചിരിക്കുകയാണെന്ന് ശ്വേത പറഞ്ഞു. എല്ലാ വിഷയങ്ങളും പരിശോധിക്കും. ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.
മോഹന്‍ലാല്‍ രാജിവയ്ക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്ത ശേഷം അഡ്‌ഹോക്ക് കമ്മിറ്റിക്ക് കീഴിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. തുടര്‍ന്നാണ് ഈ മാസം പുതിയ കമ്മിറ്റിയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വാശിയേറിയ മല്‍സരമായിരുന്നു ഇത്തവണ. ദേവനും ശ്വേതയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത്. 30ല്‍ താഴെ വോട്ടുകള്‍ക്കാണ് ശ്വേത തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications