ടിപി വധക്കേസിലെ പ്രതികളുടെ ഫോണ്‍ ബന്ധങ്ങള്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് സൈബര്‍ സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം പൊലീസ് സ്ഥിരീകരിച്ചു. സാക്ഷികളെയും ബന്ധുക്കളെയും സ്ത്രീകളെയുമടക്കം പലരെയും ഇവര്‍ ജയിലില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തി.
ഇതില്‍ ടിപി ചന്ദശേഖരനെ വധിക്കുന്നതിന് മുമ്പ് ഗൂഢാലോചന നടത്താന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ തന്നെയാണ് പ്രതികള്‍ ജയിലിനകത്തും ഉപയോഗിച്ചത്. കര്‍മാണി മനോജ് ഉപയോഗിച്ച 9847562679 എന്ന നമ്പര്‍ നിര്‍ത്തലാക്കി എന്ന കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ നമ്പറില്‍ നിന്നും കഴിഞ്ഞ രണ്ട് ദിവസത്തിന് മുമ്പ് കോളുകല്‍ പോയതായി സ്ഥിരകരിച്ചിട്ടുണ്ട്.

സാക്ഷികളെയും കുടുംബാംഗങ്ങളെയും പ്രതികള്‍ സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ 52 സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറ് മാറിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ച നാലു മൊബൈല്‍ ഫോണുകളുടേയും ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് ജയില്‍ പരിസരമായ പുതിയ പാലം, പാളയം തുടങ്ങിയവയാണെന്നും പോലീസ കണ്ടെത്തിയിട്ടുണ്ട്.
ആയഞ്ചേരി സ്വദേശി മുഹമ്മദ്, തലശേരി സ്വദേശി പ്രത്യൂഷ്, മാഹി സ്വദേശി അജേഷ്, ന്യൂ മാഹിയിലെ ഫൈസല്‍ എന്നിവരുടെ പേരിലാണു പ്രതികള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍. ഈ നമ്പറുകളില്‍നിന്നു വിളിച്ചവരെ പൊലീസ് ചോദ്യം ചെയ്തു. പ്രതികള്‍ ഭീഷണിപ്പെടുത്തിയ സാക്ഷികളെയും കുടുംബാംഗങ്ങളെയും നേരില്‍ക്കാണാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു.
അതേസമയം, പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെങ്കിലും മൂന്ന് തവണ കോഴിക്കോട് ജില്ലാ ജയില്‍ പരിശോധിച്ചപ്പോഴും മൊബൈലോ സിം കാര്‍ഡുകളോ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ കണ്ടെത്താന്‍ മൈന്‍ ഡിക്ഷന്‍ അടക്കമുള്ള ഉപകരണങ്ങല്‍ പൊലീസ് ഉപയോഗിച്ചിരുന്നു.
എന്നാല്‍, സൈബര്‍ സെല്‍ പ്രതികളുടെ ഫോണ്‍ബന്ധങ്ങള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതിന് ശക്തമായ തെളിവുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ വാര്‍ത്ത പുറത്തുവന്നതോടെ പ്രതികള്‍ ജീവനക്കാരുടെ സഹായത്തോടെ ഫോണ്‍ ജയിലില്‍ നിന്ന് മാറ്റി എന്ന് വേണം അനുമാനിക്കാന്‍.












Click it and Unblock the Notifications