ഗര്‍ഭിണികള്‍ ആശുപത്രികളില്‍ അപമാനിക്കപ്പെടുന്നു; ജീവനക്കാര്‍ ചെയ്യുന്നത്
ചണ്ഡീഗഢ്: ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കണം എന്നാണ് പറയാറുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കുന്ന സേവനത്തില്‍ ന്യൂനതകള്‍ പരിഗണിച്ചാണ് സ്വകാര്യ ആശുപത്രികള്‍ തേടിപ്പോകുന്നത്. എന്നാല്‍ രണ്ടിടങ്ങളിലും ഗര്‍ഭിണികള്‍ മോശം അനുഭവങ്ങള്‍ നേരിടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ & റിസേര്‍ച്ച് നോര്‍ത്ത് ഇന്ത്യ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.
2017 മെയ് മുതല്‍ ആഗസ്റ്റ് വരെ നടത്തിയ പഠനത്തില്‍ 11 സര്‍ക്കാര്‍ ആശുപത്രികളിലും, 5 സ്വകാര്യ ആശുപത്രികളിലെയും സേവനങ്ങളാണ് പഠനവിധേയമാക്കിയത്. ആശുപത്രി ജീവനക്കാര്‍ ഗര്‍ഭിണികളോട് ബഹളം വെയ്ക്കുന്നതും, പരിചരിക്കാതെ പോകുന്നതും, തിരക്കുപിടിച്ച് ചെക്കപ്പ് നടത്തുന്നതുമാണ് പൊതുവെയുള്ള പ്രശ്‌നങ്ങള്‍. സഹായം ചോദിച്ചാല്‍ നഴ്‌സുമാര്‍ ഇത് അവഗണിക്കുന്നതും പതിവ് കാര്യങ്ങളാണ്.

മോശം കമന്റുകള്‍ പാസാക്കി സ്ത്രീകളെ വിഷമിപ്പിക്കുന്നതാണ് മറ്റൊരു സ്ഥിരം സംഭവം. പ്രസവസമയത്ത് അനാവശ്യമായി വയറില്‍ സമ്മര്‍ദം ചെലുത്തുന്നതും, ശാരീരികമായി ബലപ്രയോഗം നടത്തുന്നതും ചിലര്‍ നേരിട്ട അനുഭവങ്ങളില്‍ പെടും. പണവും, യോഗ്യതയും, വിദ്യാഭ്യാസവും നോക്കി പരിചരണം നല്‍കുന്ന സ്ഥിതിയുമുണ്ട്.
ലേബര്‍ വാര്‍ഡില്‍ ബന്ധമില്ലാത്ത പുരുഷന്‍മാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതും ഈ അപമാനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രസവ സമയത്ത് പങ്കാളിയെ കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ആശുപത്രികള്‍ പരിഗണിക്കാറില്ല. ആശുപത്രികളില്‍ ഗര്‍ഭിണികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതാദ്യമായാണ് പഠനവിധേയമാകുന്നത്.












Click it and Unblock the Notifications