പന്ത്രണ്ടുവയസുകാരിക്ക് പീഡനം; മാതാവ് അറസ്റ്റിൽ
തിരുവനന്തപുരം: ആനപ്പാറ സ്വദേശിനിയായ പന്ത്രണ്ടുവയസുകാരിയെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില് കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവും പിതൃസഹോദരനുമാണ് അറസ്റ്റിലായത്.മാതാവിനെയും പിതൃസഹോദരനെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികളായ പെൺകുട്ടിയുടെ പിതാവ്, പുളിയറ സ്വദേശി കറുപ്പസ്വാമി എന്നിവർ ഒളിവിലാണ്.
സ്കൂൾ അവധിയായതിനാൽ പുളിയറയിലെ കന്നുകാലി ഫാമിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. നാലുദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് തെന്മല പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിറ്റപ്പൻ സജീവ് കുട്ടിയെ ബൈക്കിൽ കയറ്റി വിതുരയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞു. അന്വേഷണം തുടരുന്നതിനിടയിൽ മകൾ തിരിച്ചെത്തിയതായി മാതാവ് പൊലീസിൽ അറിയിച്ചു. തുടർന്ന് പെൺകുട്ടിയെയും മാതാവിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചിറ്റപ്പൻ സജീവും പുളിയറ സ്വദേശി കറുപ്പസ്വാമിയും പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകി. മാതാപിതാക്കൾ ഇതിന് ഒത്താശ നൽകുകയായിരുന്നെന്ന് പാെലീസ് പറഞ്ഞു.

കുളത്തൂപ്പുഴ സി.ഐ സുധീർ, തെന്മല എസ്.ഐ വി.എസ്. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സജീവിനെ ചൊവ്വാഴ്ച ആര്യങ്കാവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications