എം പി ഫണ്ട് വിനിയോഗം; മികച്ച പ്രകടനവുമായി ജോയ്സ് ജോർജ് എംപി, 16.66 കോടിയുടെ വികസന പദ്ധതികൾ
ഇടുക്കി: പ്രദേശിക വികസനത്തിനായുള്ള എംപി ഫണ്ട് വിനിയോഗത്തിൽ മികച്ച പ്രകടനവുമായി ഇടുക്കി എംപി ജോയ്സ് ജോർജ്. 19.2 കോടി രൂപയാണ് ജോയ്സ് ജോർജിന്റെ എംപി ഫണ്ടിലേക്ക് ഇതുവരെ അനുവദിച്ചത്. 33.69 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ജോയ്സ് ജോർജ് എംപി നിർദ്ദേശം നൽകിയത്.
21.64 കോടിയുടെ വികസനപ്രവർത്തങ്ങൾക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുകയും ഇതിനായി എംപി ഫണ്ടിൽ നിന്നും 16.66 കോടി രൂപ ചിലവഴിക്കുകയും ചെയ്തു. അനുവദിച്ച തുകയുടെ 95 ശതമാനവും വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എംപി ഫണ്ടിൽ 2.61 കോടി രൂപയാണ് ജില്ലാ ഭരണകൂടത്തിന്റെ കൈവശം നിലവിലുള്ളത്.

എംപി ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ജോയ്സ് ജോർജ് എംപി നിർദ്ദേശം നൽകിയിരുന്നു. പദ്ധതികളുടെ റിപ്പോർട്ട് നാൽപ്പത്തിയഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംപിയുടെ നിർദ്ദേശം. അനുവദിച്ച തുകയുടെ വിനിയോഗവും പദ്ധതികളുടെ പുരോഗതിയും കൃത്യമായി കേന്ദ്രത്തിന് സമർപ്പിക്കാതെ വന്നാൽ തുക ലഭിക്കുന്നത് തടസ്സപ്പെടും. ജില്ലാ ഭരണകൂടമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഈ വർഷം ഫെബ്രുവരിക്കുള്ളിൽ 2017-2018ലെ ആദ്യ ഗഡു ലഭിച്ച ആറ് എംപിമാരിൽ ഒരാൾ ജോയ്സ് ജോർജ് എംപിയായിരുന്നു. ഒന്നരക്കോടി വീതം രണ്ടു ഗഡുക്കളായി അഞ്ചു കോടി രൂപയാണ് എംപിമാർക്ക് പ്രതിവർഷം ലഭിക്കുന്നത്. കൃത്യമായ തുക വിനിയോഗത്തിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമെ മുഴുവൻ തുകയും ലഭ്യമാവുകയുള്ളു.
പതിനാറാം ലോക്സഭയിൽ ഇടുക്കി ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് ജോയ്സ് ജോർജ്. ഇടതു സ്വതന്ത്രനായായിരുന്നു അദ്ദേഹം മത്സരിച്ചത്. വ്യാജ രേഖകളുടെ പിൻബലത്തിൽ കൊട്ടക്കാമ്പൂരിൽ 28 ഏക്കർ സ്ഥലം സ്വന്തമാക്കിയതായി ആരോപണം ഉയർന്നിരുന്നു. ഇതോടെ ദേവികുളം കളക്ടർ പട്ടയം റദ്ദാക്കുകയും ചെയ്തു. ഭൂമിയിടപാട് കേസിൽ നീതി നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംപിയും കുടുംബവും നൽകിയ അപ്പീലിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ലാൻഡ് റവന്യൂ കമ്മിഷണർ.












Click it and Unblock the Notifications