കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല; കേരളത്തിലെ സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ട്: ഫാത്തിമ തെഹ്ലിയ
മലപ്പുറം: സംസ്ഥാനത്ത പല കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ടെന്ന ആരോപണവുമായി എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയ രംഗത്ത്. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഫാത്തിമ തെഹ്ലിയ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന പല എയ്ഡഡ് സ്‌കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സില്‍ ഇരിക്കാന്‍ അനുവാദമില്ലെന്ന് ഫാത്തിമ തെഹ്ലിയ പറയുന്നു.
കര്‍ണാടകയില്‍ മാത്രമല്ല കേരളത്തിലെ പല സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താല്‍ പല മികച്ച എയ്ഡഡ് സ്‌കൂളുകളിലും അഡ്മിഷന്‍ എടുക്കാതെ താരതമ്യേന അടിസ്ഥാന സൗകര്യങ്ങള്‍ കുറവായ സ്‌കൂളുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടി വന്ന മുസ്ലിം വിദ്യാര്‍ഥിനികളെ എനിക്ക് നേരിട്ടറിയാമെന്നും ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കര്‍ണാടകയില്‍ മാത്രമല്ല കേരളത്തിലെ പല സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ മാത്രമല്ല, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന പല എയ്ഡഡ് സ്‌കൂളുകളിലും ഹിജാബ് ധരിച്ച് ക്ലാസ്സില്‍ ഇരിക്കാന്‍ അനുവാദമില്ല. ഹിജാബ് നിരോധിച്ചിട്ടുണ്ട് എന്ന ഒറ്റക്കാരണത്താല്‍ പല മികച്ച എയ്ഡഡ് സ്‌കൂളുകളിലും അഡ്മിഷന്‍ എടുക്കാതെ താരതമ്യേന അടിസ്ഥാന സൗകര്യങ്ങള്‍ കുറവായ സ്‌കൂളുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടി വന്ന മുസ്ലിം വിദ്യാര്‍ഥിനികളെ എനിക്ക് നേരിട്ടറിയാം.
ഇതു സംബന്ധമായ വിവരശേഖരണം ഞാന്‍ ഹരിതയുടെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് നടത്തിയിട്ടുണ്ട്. കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് കേരളത്തിലിരുന്ന് പിന്തുണ നല്‍കാന്‍ ഭരണാധികാരികള്‍ക്ക് എളുപ്പമാണ്. കേരളത്തിലെ പല എയ്ഡഡ് സ്‌കൂളുകളിലുമുള്ള ഹിജാബ് നിരോധനം എടുത്തു കളഞ്ഞാണ് കേരളത്തിലെ ഭരണാധികാരികള്‍ ഭരണഘടനാ അവകാശത്തോട് കൂറ് പുലര്‍ത്തേണ്ടത്. കേവലം അഭിവാദ്യമര്‍പ്പിക്കലോ പിന്തുണ നല്‍കലോ അല്ല ശക്തമായ ഭരണ നടപടികളാണ് നമുക്ക് ആവശ്യം- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video
കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതികരിച്ച് രംഗത്തെത്തിയ ആളാണ് ഫാത്തിമ തെഹ്ലിയ. ഇതിന് മുമ്പ് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ വിമര്‍ശനവുമായി ഫാത്തിമ തെഹ്ലിയ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാന്‍ ഫസല്‍ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്.
സംഘികള്‍ക്കും മുമ്പേ അവരേക്കാള്‍ ആവേശത്തോടെ കേരളത്തിലെ കോളേജുകളില്‍ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസല്‍ ഗഫൂര്‍. അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസല്‍ ഗഫൂര്‍ ശ്രമിച്ചത്. തീര്‍ത്തും സ്ത്രീ വിരുദ്ധമായ ഭാഷയില്‍ ബോഡി ഷെയ്മിങ് നടത്തുകയും ഹിപ്പോക്രാറ്റ് എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്ത ഫസല്‍ ഗഫൂറിന് സംഘികള്‍ക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാന്‍ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്. മുസ്ലിമായ ഫസല്‍ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കില്‍ ഞങ്ങള്‍ക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികള്‍ ഇനി ചോദിക്കാന്‍ ബാക്കിയുള്ളൂ- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കര്‍ണാടകയിലെ ഡിഗ്രി കോളേജുകളില്‍ ഹിജാബ്, കാവി, ഷാള്‍, മറ്റ് മത ചിഹ്നങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകള്‍ക്കും ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളും പിന്തുടരേണ്ടതില്ല, യൂണിഫോം ഏര്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളില് മാത്രമായിരിക്കും ഉത്തരവ് ബാധകമാകുകയെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഹിജാബ് ധരിച്ച കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.












Click it and Unblock the Notifications