'സംഘപരിവാറിന്റെ പുതിയ പരീക്ഷണശാലയായി ലക്ഷദ്വീപ്', ശക്തമായി പ്രതികരിക്കണമെന്ന് മുഹ്സിൻ
തിരുവനന്തപുരം: സംഘപരിവാറിന്റെ പുതിയ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറുകയാണെന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഇന്ത്യ മുഴുവൻ ഗുജറാത്തി കച്ചവടക്കാർക്ക് തീറെഴുതി കൊടുക്കുക എന്നുള്ള ബിജെപിയുടെയും മോഡിയുടെയും നയമാണ് കശ്മീരിലും, ഇപ്പൊൾ ലക്ഷദ്വീപിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നും മുഹ്സിൻ പ്രതികരിച്ചു. ലക്ഷദ്വീപിന്റെ പഴയ ജീവിതം തിരിച്ച് കിട്ടുന്നതുവരെ പ്രതിഷേധിക്കേണ്ടതുണ്ടെന്നും മുഹ്സിൻ വ്യക്തമാക്കി.
മുഹമ്മദ് മുഹ്സിന്റെ പ്രതികരണം: വർഷങ്ങൾക്ക് മുമ്പ് ലക്ഷദ്വീപിൽ പോയപ്പോൾ ദ്വീപ് നിവാസികളുടെ സ്നേഹവും ആതിഥ്യ മര്യാദയും കണ്ടറിഞ്ഞതാണ്. പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ജനതയാണ് ദ്വീപിലുള്ളത്. എന്റെ കൂടെ കോളേജിലും ഹോസ്റ്റലിലും ഒക്കെയായി നിരവധി ലക്ഷദ്വീപ്‌കാർ ഉണ്ടായിരുന്നു. നല്ല അനുഭവങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരെല്ലാം വലിയ ഒരു ഭീതിയിലും പ്രതിസന്ധിയിലുമാണ് എന്നറിഞ്ഞതിൽ വളരെ വിഷമം ഉണ്ട്.
ചെറിയ വഴക്കുകൾക്കപ്പുറം വലിയ ക്രിമിനൽ കേസുകളൊന്നും കാര്യമായി കണ്ടിട്ടില്ലാത്ത ഭൂമിയിലെ ചുരുക്കം പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. പരസ്പരം ആശ്രയിച്ചും സഹായിച്ചും ജീവിക്കുന്നവരായതിന് കാരണം ചുറ്റും കടലായതു കൊണ്ടും കടലിനെ ആശ്രയിച്ചു ജീവിക്കുന്നതു കൊണ്ടുമാകാം എന്ന് തോന്നിയിട്ടുണ്ട്. കാശ്മീരിനും മറ്റു പല സംസ്ഥാനങ്ങൾക്കും ശേഷം സംഘപരിവാറിന്റെ പുതിയ പരീക്ഷണശാലയായി ഈ ലക്ഷദ്വീപ് മാറുകയാണ്. ഇന്ത്യയിലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഇല്ലാതാക്കി അവിടങ്ങളിൽ സംഘപരിവാറിന്റെ സ്വാധീനം വളർത്തിയെടുക്കുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത വർഗീയ അജണ്ടയാണ്.

ഇത് പോലെ തന്നെ, ഇന്ത്യ മുഴുവൻ ഗുജറാത്തി കച്ചവടക്കാർക്ക് തീറെഴുതി കൊടുക്കുക എന്നുള്ളതും ബിജെപിയുടെയും മോഡിയുടെയും നയമാണ്. ഇത് രണ്ടിന്റെയും പരീക്ഷണങ്ങളാണ് കശ്മീരിലും, ഇപ്പൊൾ ലക്ഷദ്വീപിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മോഡിയുടെ വിശ്വസ്തനും, സംഘന്പരിവാറിന്റെ പ്രതിനിധിയുമായ പ്രഫുൽ പട്ടേലാണ് ലക്ഷദ്വീപിൽ ഈ അജണ്ട നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുന്നത്. ഗുജറാത്തി കച്ചവടക്കാർക്ക് ലക്ഷദ്വീപിൽ സുഖവാസ കേന്ദ്രങ്ങളും, ഹോട്ടലുകളും തുടങ്ങാനുള്ള പ്രാരംഭ നടപടികൾ അഡ്മിനിസ്ട്രേറ്ററായ പട്ടേൽ ആരംഭിച്ചു കഴിഞ്ഞു. ലക്ഷദ്വീപ് ഡെവലപ്മെൻറ് റെഗുലേഷൻ നിയമം കൊണ്ടുവന്ന് വികസന പ്രവർത്തനങ്ങളുടെ പേരിൽ ദ്വീപുകാരുടെ അനുവാദമില്ലാതെ അവരുടെ സ്ഥലം പിടിച്ചെടുക്കാനും നീക്കം തുടങ്ങിക്കഴിഞ്ഞു.
ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകർത്ത് ലക്ഷദ്വീപിന്റെ പൂർണമായ കാവിവൽകരണവും, ഗുജറാത്തിവൽക്കരണവുമാണ് പട്ടേൽ ഉദ്ദേശിക്കുന്നത്. ഇതിനായി ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗമായ മത്സ്യബന്ധനം തകർക്കുക എന്ന ഹീനമായ മാർഗമാണ് സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ പട്ടേലിന്റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുകയാണുണ്ടായത്. കൂടാതെ, പശു വളർത്തലും, പശുവിൻ പാൽ വിതരണവും ദ്വീപിൽ നിയമ വിരുദ്ധമാക്കുന്നതിന് ഉത്തരവിറക്കി ഗുജറാത്തി കമ്പനിക്ക് ഇവിടെ സംരംഭം തുടങ്ങാനുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു.
കുറ്റകൃത്യങ്ങൾ ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ നിയമം വരെ നടപ്പിലാക്കി കഴിഞ്ഞു. തന്റെ ഏകാധിപത്യ നടപടികളെ ചോദ്യം ചെയ്യുന്നവരെ ജയിലടക്കൻ അഡ്മിനിസ്ട്രേറ്റർക്ക് ഈ നിയമം അധികാരം നൽകുന്നു. ലക്ഷദ്വീപിനെ സഹായിക്കുന്ന കേരളത്തെയും ഇടതുപക്ഷത്തെയും മാറ്റി നിർത്തി മംഗ്ലൂരും കർണാടകയുമായും ബന്ധിപ്പിക്കുന്നത് സംഘ പരിവാറിന്റെ വിശാല ലക്ഷ്യത്തിന്റെ ഭാഗമായാണ്.
Recommended Video
ലക്ഷദ്വീപ് ഇനി പതുക്കെ ഒരു ഗുജറാത്തി ദ്വീപ് ആയി മാറും. അവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കപ്പെടും. മോഡിയും, പട്ടേലും പറയുന്ന വിലക്ക് ദ്വീപ് നിവാസികൾ സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും ഓടി പോകേണ്ടി വരും. എതിർത്ത് നിൽക്കുന്നവരെ ഗുണ്ടാ നിയപ്രകാരം ജയിലിൽ അടക്കും. നമ്മൾ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ലക്ഷദ്വീപിന്റെ പഴയ ജീവിതം തിരിച്ച് കിട്ടുന്നതുവരെ പ്രതിഷേധിക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിൽ വാഴുന്ന വർഗീയതയും, ശിങ്കിടി മുതലാളിത്തവും തെക്കേ ഇന്ത്യയിൽ വിലപ്പോവില്ല എന്ന് രാജ്യം ഭരിക്കുന്ന ഗുജറാത്തി കച്ചടക്കാർക്ക് കാണിച്ച് കൊടുക്കേണ്ടതുണ്ട്'.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications