ഒടുവില്‍ മുസ്ലീം ലീഗ് നാണംകെട്ട് പിന്മാറുന്നു; കമറുദ്ദീന് ചെയ്തതിന് കമറുദ്ദീന് മാത്രം ഉത്തരവാദി
മലപ്പുറം/കാസര്‍കോട്: കേരളത്തിലെ ഒരു എംഎല്‍എയ്ക്കെതിരെ ഇത്രയധികം കേസുകള്‍ ഉണ്ടായ ഒരു ചരിത്രം വേറെ ഉണ്ടാവില്ല. മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്റെ കാര്യത്തില്‍ ഇനി പാര്‍ട്ടിയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന സ്ഥിതിയാണിപ്പോള്‍.
ലീഗിനെ സഹായിക്കുന്നതിനൊപ്പം ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കൽ, ലീഗിനും കോൺഗ്രസിനുമെതിരെ സിപിഎം
ജ്വല്ലറി തട്ടിപ്പ് കേസില്‍ ഇനി കമറുദ്ദീന് ലീഗിന്റെ പിന്തുണയുണ്ടാവില്ല. നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്കാന് കമറുദ്ദീന് ആവില്ലെന്ന് ഉറപ്പായതോടെയാണ് ലീഗ് നേതൃത്വത്തിന്റെ പിന്മാറ്റം. കാസര്‍കോട് മാത്രമല്ല, സംസ്ഥാന തലത്തിലും മുസ്ലീം ലീഗിന് വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍...

95 കേസുകള്‍
കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ ഇതുവരെ 95 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയും പരാതിക്കാര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ കേസുകള്‍ 100 കവിയും എന്ന് ഉറപ്പാണ്.

ലീഗിന്റെ പിന്തുണ
ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെതിരെ പരാതികള്‍ ഉയര്‍ന്ന് തുടങ്ങിയപ്പോഴെല്ലാം അദ്ദേഹത്തിന് മുസ്ലീം ലീഗിന്റെ പിന്തുണയുണ്ടായിരുന്നു. കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും പരസ്യ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രശ്നത്തില്‍ ഇടപെടാന്‍ പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തിറങ്ങിയത്.

പണം തിരികെ കൊടുപ്പിക്കാന്‍
പൊതുജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ കൊടുപ്പിക്കാനുള്ള നീക്കമായിരുന്നു ലീഗിന്റേത്. ആസ്തികള്‍ വിറ്റ് പണം കണ്ടെത്തണം എന്നതായിരുന്നു നിലപാട്. ഇതിനായി കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ കല്ലട്ട മായിന്‍ ഹാജിയെ മധ്യസ്ഥനായും നിയോഗിച്ചു. എന്നാല്‍ ആ നീക്കങ്ങളെല്ലാം ഇപ്പോള്‍ പാളിയിരിക്കുകയാണ്.

ആറ് മാസം കൊണ്ട് നടക്കില്ല
ആറ് മാസം കൊണ്ട് ജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം തിരികെ കൊടുക്കാം എന്നായിരുന്നു ലീഗ് നേതൃത്വത്തെ കമറുദ്ദീന് അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി അറിയാതെ ആസ്തികളില്‍ പലതും വിറ്റതായാണ് പുറത്ത് വരുന്ന വിവരം. ആസ്തി വിവരങ്ങള്‍ മുഴുവന്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആറ് മാസം കൊണ്ട് പണം തിരികെ കൊടുക്കുക എന്നത് അസാധ്യമാണെന്ന് ഇപ്പോള്‍ ലീഗ് നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇനി കമറുദ്ദീന്, കമറുദ്ദീന്റെ വഴി
ഇനി ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് മധ്യസ്ഥനായ നിയോഗിച്ച കല്ലട്ട മായിന്‍ഹാജി നേതൃത്വെ അറിയിച്ചത് എന്നാണ് വിവരം. അതോടെ നേതൃത്വവും കമറുദ്ദീനെ കൈവിട്ടിരിക്കുകയാണ്. കാര്യങ്ങള്‍ കമറുദ്ദീന് സ്വയം നേരിടട്ടെ എന്നാണ് പാര്‍ട്ടി നിലപാട്.

നാണംകെട്ട് ലീഗ്
കമറുദ്ദീനെ പിന്തുണച്ച് നാണം കെട്ടിരിക്കുകയാണ് ഇപ്പോള്‍ മുസ്ലീം ലീഗ്. എന്നിരുന്നാലും കമറുദ്ദീനെതിരെ ഉടന്‍ നടപടിയെടുക്കാനും പാര്‍ട്ടി നേതൃത്വം തയ്യാറല്ല. പ്രശ്ന പരിഹാരത്തിന് അനുവദിച്ച ആറ് മാസം അനുവദിക്കാനാണ് ധാരണ എന്നാണ് വിവരം.

തിരഞ്ഞെടുപ്പെത്തും
ആറ് മാസം കഴിയുമ്പോഴേക്കും സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിട്ടുണ്ടാകും. ആ സമയത്ത് മുഖം മിനുക്കാന്‍ കമറുദ്ദീനെതിരെ മുസ്ലീം ലീഗ് നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചനകള്‍. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.