താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിംകൾക്കില്ല: എംഎ ബേബിക്ക് മറുപടിയുമായി അബ്ദുറബ്ബ്
കോഴിക്കോട്: താലിബാന്‍ വിഷയത്തില്‍ സി പി എം നേതാവ് എംഎ ബേബിക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. മക്കയും മദീനയും ഉൾക്കൊള്ളുന്ന സാക്ഷാൽ സൗദി അറേബ്യ തന്നെ ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഞങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ സി എച്ചാണ് ഞങ്ങളുടെ മാതൃകയെന്നാണ് അദ്ദേഹം എംഎ ബേബിക്ക് മറുപടിയായി പറയുന്നത്. 1962 ലെ ചൈനീസ് ആക്രമണകാലത്ത് 'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം' എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസ് അല്ല ഞങ്ങളുടെ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലിംകൾക്കില്ല. കേരളത്തിലെ സാമുദായിക സൗഹാർദ്ദത്തിന് ഏറെ സംഭാവനകളർപ്പിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദിൻ്റെ പേരിൽ ഈ സമുദായത്തിൽ
ഛിദ്രതയുണ്ടാക്കി, തീവ്രചിന്താഗതികൾക്ക് വെള്ളവും വളവും നൽകി, അവരെ പ്രോത്സാഹിപ്പിച്ചതും, ലീഗിനെ തകർക്കാൻ അവരുടെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതും നിങ്ങൾ ഇടതുപക്ഷമാണ്.

സമാനമായ ചിന്തയിൽ ലീഗിനെ തകർക്കാൻ ചൈനീസ് പിന്തുണയുള്ള ഒരു താലിബാനെ ഈ കേരളത്തിലും നിങ്ങൾ പാലൂട്ടി വളർത്തില്ലെന്നാരു കണ്ടു.
താലിബാനെന്നല്ല, ഏതു ഭീകര പ്രസ്ഥാനങ്ങൾ തലയുയർത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാൻ മുസ്ലിം ലീഗും, മുഖ്യധാരാ മുസ്ലിം
സംഘടനകളും മുന്നിലുണ്ടാവും. ഇതര സമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയവും സൗഹാർദ്ദവുമാണ് കേരള മുസ്ലിംകളുടെ പാരമ്പര്യം, അതു ഞങ്ങളെന്നും കാത്തു സൂക്ഷിക്കും. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങൾ പിന്തുണക്കില്ല. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണക്കരുതെന്നും പി കെ അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയിലും, കേരളത്തിൽ പോലും ഈ താലിബാൻ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം എന്നായിരുന്നു എം എ ബേബിയുടെ പരാമര്‍ശം. ഇപ്പോൾത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവർഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യും. ഈ രണ്ടു പ്രതിഭാസങ്ങളും കൂടെ ഇന്ത്യയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതൽ ദുഷ്കരമാക്കും. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണ വർഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതൽ പ്രകടമാക്കാൻ അവസരം നല്കും.
സാമ്രാജ്യതാല്പര്യത്തിനും താലിബാൻ മട്ടിലുള്ള മതമൗലികവാദത്തിനുമെതിരായ സമരം ജനജീവിതപ്രശ്നങ്ങളെമുൻനിർത്തിയുള്ള സമരവുമായി കൂട്ടിയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ സാഹചര്യത്തിൽ നമ്മുടെകടമ. അഫ്ഘാനിസ്ഥാനിൽ അമേരിക്ക നാണംകെട്ട ഒരു തോൽവിയാണ് നേരിട്ടത്. ഇരുപതു വർഷം മുമ്പ് അവർ മറിച്ചിട്ട താലിബാൻ വീണ്ടും രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അഫ്ഘാനിസ്ഥാനിൽ അമേരിക്കയും നാറ്റോ കൂട്ടാളികളും ചേർന്നുണ്ടാക്കിയ അഷറഫ് ഘാനി സർക്കാരിൻറെ പതനം സാമ്രാജ്യത്വശക്തികളുണ്ടാക്കിയ സൈന്യവും ഭരണകൂടവും എത്ര പൊള്ളയായിരുന്നു എന്നത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം എം എ ബേബി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications