മുട്ടിൽ മരംമുറി കേസ്; 84,600 പേജുള്ള കുറ്റപത്രം, സാക്ഷികളായി 420 പേർ, അഗസ്‌റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികൾ
വയനാട്: ഏറെ വിവാദമായ മുട്ടിൽ മരം മുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്‌റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനോടൊപ്പം അനുബന്ധ കുറ്റപത്രം കൂടി നൽകുമെന്നാണ് ലഭ്യമായ വിവരം.
കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അഗസ്‌റ്റിൻ സഹോദരൻമാർ ഉൾപ്പെടെ ആകെ 12 പ്രതികളാണുള്ളത്. 420 സാക്ഷികളാണ് കേസിലുള്ളത്. 900 രേഖകളും കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

റോജി അഗസ്‌റ്റിൻ,ആന്റോ അഗസ്‌റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ എന്നിവർക്ക് പുറമെ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെകെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലെ പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിവൈഎസ്‌പി വിവി ബെന്നിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്‌തമായ 104ഓളം ഈട്ടിമരങ്ങള്‍ റോജിയും സംഘവും അനധികൃതമായി മുറിച്ചുകടത്തിയെന്നാണ് കേസ്. 1964നുശേഷം നട്ടുവളര്‍ത്തിയ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു ഈ വെട്ടിപ്പ് നടന്നത്.
ഏകദേശം 85 മുതല്‍ 574 വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎന്‍എ പരിശോധനയില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് കബളിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചതിനും കര്‍ഷകരുടെ പേരില്‍ വ്യാജ അപേക്ഷ തയ്യാറാക്കിയതിനും കേസിലെ മുഖ്യസൂത്രധാരനായ റോജി അഗസ്‌റ്റിനെതിരേ വ്യാജരേഖ ചമയ്ക്കല്‍ കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസിനും റവന്യൂ വകുപ്പിനും പുറമെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications