അങ്ങനെയുള്ള കാര്യങ്ങളൊന്നും ശശി ചെയ്യില്ല; അന്‍വര്‍ തിരുത്തണമെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: നിലമ്പൂരിലെ എല്‍ഡിഎഫ് എംഎല്‍എ പിവി അന്‍വര്‍ എഡിജിപി എംആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി. ശശി അന്‍വര്‍ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന ആളല്ല എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
സര്‍ക്കാരിന് അന്‍വര്‍ നല്‍കിയ പരാതികളില്‍ അന്വേഷണം നടത്തി വരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി പരിശോധിക്കുന്നുണ്ട് എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ശശിക്കെതിരായ പരാതി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും ആരോപണം ഗൗരവമുള്ളതാണങ്കില്‍ ഗൗരവത്തോടെ അന്വേഷിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാല്‍ ഗൗരവമുള്ളതാകുമോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

വലതുപക്ഷ ശക്തികളേയും മാധ്യമങ്ങളേയും സഹായിക്കുന്ന തരത്തിലാണ് അന്‍വര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും പാര്‍ട്ടിക്കമെതിരെ വാര്‍ത്തശൃഖല സൃഷ്ടിക്കാനാണ് അന്‍വര്‍ ശ്രമിച്ചത് എന്നും അത് ഒഴിവാക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന പ്രസ്താവനകളില്‍ നിന്നും അന്‍വര്‍ പിന്‍മാറണം എന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
അന്‍വര്‍ തിരുത്തണം എന്ന് പാര്‍ലമെന്ററി യോഗത്തില്‍ ആവശ്യപ്പെടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എഡിജിപി അജിത് കുമാര്‍- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണം നടക്കുകയാണ് എന്നും ഔദ്യോഗിക കൃത്യ നിര്‍വ്വണത്തിനെതിരാണെങ്കില്‍ കടുത്ത നടപടി അക്കാര്യത്തില്‍ ഉണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്‍വറിന്റെ ആരോപണങ്ങളെ തള്ളിയിരുന്നു.
ഇതിന് പിന്നാലെ അന്‍വര്‍ പരസ്യപ്രതികരണങ്ങളില്‍ നിന്ന് ഒഴിവാകണം എന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഇന്നും അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അന്‍വര്‍ രംഗത്തെത്തിയിരുന്നു. എഡിജിപിയെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടും ക്രിമിനലാണെന്നുമായിരുന്നു അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
''അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. ഞാന്‍ ആദ്യം പറഞ്ഞത് അയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ്. ഇന്ന് ഞാന്‍ പറയുന്നു അയാളെ ഡിസ്മിസ് ചെയ്യണം. അയാള്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പറ്റുന്ന ആളല്ല. അത് ലോകസത്യമാണ്. ക്രിമിനലാണ്, കൊടും ക്രിമിനലാണ്. അതില്‍ ഒരു തര്‍ക്കവുമില്ല'' എന്നായിരുന്നു അന്‍വര്‍ ഇന്ന് നടത്തിയ പ്രതികരണം.


Click it and Unblock the Notifications