എംവി ഗോവിന്ദൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കും? തളിപ്പറമ്പിൽ ഉപതിരഞ്ഞെടുപ്പ്?
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായതോടെ എംവി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനം ഒഴിയുമോയെന്നുളള ചോദ്യത്തിന് എല്ലാം പാർട്ട് തീരുമാനിക്കും എന്നായിരുന്നു ഗോവിന്ദൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ്,എക്സൈസ് വകുപ്പുകളുടെ മന്ത്രിയാണ് അദ്ദേഹം.
എന്നാൽ മന്ത്രി സ്ഥാനം മാത്രമല്ല എം എൽ എ സ്ഥാനവും ഗോവിന്ദൻ രാജിവെച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ തളിപ്പറമ്പ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.

പിണറായി മന്ത്രിസഭയിലെ രണ്ടാമനായ എം വി ഗോവിന്ദനെ കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി സെക്രട്ടറിയായി സി പി എം പ്രഖ്യാപിച്ചത്. കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം. മന്ത്രിസ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നും മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ എത്തിയേക്കുമെന്നുള്ള ചർച്ചകൾ ശക്തമാണ്. അതിനിടയിലാണ് എം എൽ എ സ്ഥാനം കൂടി രാജിവെച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നത്. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സി പി എമ്മിനെ സജ്ജമാക്കുകയെന്ന വലിയ ദൗത്യമാണ് പാർട്ടി സെക്രട്ടറിയെന്ന നിലയിൽ എം വി ഗോവിന്ദന് മുൻപിൽ ഉള്ളത്. ഈ സാഹചര്യത്തിൽ സെക്രട്ടറിയുടെ ജോലിയിൽ പൂർണമായും മുഴുകാൻ ഗോവിന്ദന് സാധിച്ചേക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ എം എൽ എ സ്ഥാനത്ത് നിന്നും എം വി ഗോവിന്ദൻ മാറി നിൽക്കുന്നതാണ് ഉചിതമെന്നാണ് പാർട്ടിയിലെ പ്രാഥമിക ധാരണ. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നേതൃത്വം കൈക്കൊണ്ടിട്ടില്ല.

ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തിൽ 22, 689 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എം വി ഗോവിന്ദൻ ജയിച്ചത്. സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി സിറ്റിങ് എം എൽ എ ജയിംസ് മാത്യു ഒഴിഞ്ഞപ്പോഴായിരുന്നു എം വി ഗോവിന്ദനെ മത്സരിപ്പിച്ചത്. 1996 ലും 2001 ലും തളിപ്പറമ്പിൽ എം എൽ എയായിരുന്നു ഗോവിന്ദൻ. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും മാറി സംഘട രാഷ്ട്രീയത്തിൽ സജീവമായി തുടരുന്ന ഗോവിന്ദനെ മന്ത്രിസഭയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സുരക്ഷിത മണ്ഡലം എന്ന നിലയ്ക്ക് തളിപ്പറമ്പിൽ മത്സരിപ്പിച്ചത്. അതേസമയം എംവി ഗോവിന്ദൻ ഒഴിഞ്ഞാൽ ഉപതിരഞ്ഞെടുപ്പിൽ ആരാകും മത്സരിക്കുകയെന്നുള്ള ചർച്ചകൾ പാർട്ടിയിൽ അനൗദ്യോഗികമായി ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ എംവി ഗോവിന്ദൻ രാജിവെയ്ക്കുന്നതിന് പിന്നാലെ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും.ഓണത്തിന് ശേഷമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ കഴിഞ്ഞ മന്ത്രിസഭയിലെ കെകെ ശൈലജയെ അടക്കം തിരികെ എത്തിച്ച് മന്ത്രിസഭ പുനഃസംഘടന നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതിന് സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മന്ത്രിസഭയുടെ പ്രവർത്തനത്തിനെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിൽ മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശൈലയെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ശൈലജയെ തിരിച്ചെത്തിച്ചാൽ രണ്ടാം സർക്കാരിൽ പുതുമുഖങ്ങൾ മാത്രം മതിയെന്ന പാർട്ടി തീരുമാനത്തിൽ തെറ്റ് പറ്റിയെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കിയേക്കും. അതുകൊണ്ട് പുതുമുഖങ്ങൾക്കായിരിക്കും അവസരം ലഭിച്ചേക്കുക.

നിലവിൽ സ്പീക്കറായ എം ബി രാജേഷിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. തൃത്താലയിൽ നിന്നും വൻ വിജയം നേടിയ രാജേഷിനെ നേരത്തേ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ വലിയ നിരാശ പാർട്ടി കേന്ദ്രങ്ങൾ പ്രകടിപ്പിച്ചിരുന്നു. രാജേഷിനെ മന്ത്രിയാക്കിയാൽ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനെ സ്പീക്കറാക്കിയേക്കാനും സാധ്യത ഉണ്ട്.വി ജോയ്, എ എൻ ഷംസീർ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പാർട്ടി സെക്രട്ടറിയായി നിയമിക്കാൻ ആലോചനയുണ്ട്. അങ്ങനെയെങ്കിൽ പുതിയ വിദ്യാഭ്യാസ മന്ത്രിയും എത്തിയേക്കും.












Click it and Unblock the Notifications