'ബിജെപി നേതാവിന്റെ പാദ പൂജ, ലീഗ് നേതാവിൻറെ അടിമസേവ..രണ്ടും മലയാളിക്ക് അപമാനം;ജയരാജൻ
കൊച്ചി; സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം കടുക്കുകയാണ്. വാഹനത്തിൽ ഇരുന്ന് എംപി സ്ത്രീകൾക്ക് കൈ നീട്ടം വിതരണം ചെയ്യുകയും സ്ത്രീകൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. തന്റെ കാറില്‍ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇപ്പോഴിതാ സുരേഷ് ഗോപിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.കേരളീയ സംസ്‌കാരത്തിന് യോജിക്കാത്ത സുരേഷ് ഗോപിയുടെ ചെയ്തികൾ ജന്മിത്തത്തെ ഓർമിപ്പിക്കുക്കയാണെന്നും ബിജെപി നേതാവിന്റെ അധമ സംസ്‌കാരം കൂടിയാണതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതിനിടെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയ സംഭവത്തിൽ ഷാജിയെ പിന്തുണച്ച് എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരേയും ജയരാജൻ വിമർശനം ഉയർത്തി. പാദപൂജയും അടിമസേവയും' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എംവി ജയരാജന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
രണ്ട് രാഷ്ട്രീയ നേതാക്കളുടെ ചെയ്തിയും പറച്ചിലുമാണ് ഇത്തരമൊരു തലക്കെട്ടിലേക്ക് നയിച്ചത്. ഒരാൾ രാഷ്ട്രീയക്കാരൻ മാത്രമല്ല, സിനിമക്കാരൻ കൂടിയാണ്. 'ഓർമയുണ്ടോ ഈ മുഖം?'് എന്ന സിനിമാശൈലിയുടെ അവതാരമായ സുരേഷ് ഗോപിയാണ് 'പ്രതിപുരുഷൻ'. ആഡംബര കാറിലിരുന്ന് പെൺകുട്ടികളെ കൊണ്ട് കാൽപ്പാദം നമസ്‌കരിക്കാൻ നിർദ്ദേശിക്കുകയും അത് ആസ്വദിക്കുകയും അതിനുശേഷം കൈനീട്ടം നൽകുകയും ചെയ്യുന്ന സാഡിസ്റ്റ് രീതി ദൃശ്യങ്ങളിലൂടെ കണ്ട മലയാളികളെല്ലാം മൂക്കത്ത് വിരൽവെച്ചു. കേരളീയ സംസ്‌കാരത്തിന് യോജിക്കാത്ത സുരേഷ് ഗോപിയുടെ ചെയ്തികൾ ജന്മിത്തത്തെ ഓർമിപ്പിക്കുന്നു. ബിജെപി നേതാവിന്റെ അധമ സംസ്‌കാരം കൂടിയാണത്.
Recommended Video
ലീഗ് വക്താവ് അബ്ദുൾ വഹാബ് അഴിമതിക്കേസിലെ പ്രതിയും അഴിമതിപ്പണം കൊണ്ട് ആഡംബര കൊട്ടാരം നിർമിക്കുകയും ചെയ്ത കെ.എം. ഷാജിയെ വാർത്താസമ്മേളനത്തിലൂടെ ന്യായീകരിക്കുകയും ഷാജിയുടെ പിന്നാലെ പാറപോലെ ലീഗ് ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അഴിമതി നടത്തുന്ന നേതാക്കന്മാരുടെ കൂടാരമായി ലീഗ് അധഃപതിച്ചു. ഷാജിയുടെ ഭാര്യയുടെ വീടും സ്വത്തും അഴിമതിപ്പണത്തിലൂടെയാണ് പണിതതെന്ന് വിജിലൻസും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കണ്ടെത്തിയതാണ്. അതിനെ തുടർന്നാണ് വീടും സ്വത്തും കണ്ടുകെട്ടിയത്. 'ആസനത്തിൽ ആല് കിളിർത്താലും നാണമില്ലാതെ' പലതും പറയുന്ന ഷാജിയുടെ ശീലം മലയാളികൾക്ക് മനസ്സിലാകും. എന്നാൽ ലീഗ് നേതൃത്വവും കണ്ടാമൃഗത്തേക്കാൾ ചർമ്മബലം കാട്ടുന്നത് ആശ്ചര്യകരമാണ്. രണ്ട് ചെയ്തികളും മലയാളികൾക്ക് അപമാനമാണ്. ബിജെപി നേതാവ് പാദപൂജയാണ് നടത്തിയതെങ്കിൽ ലീഗ് നേതാവ് അടിമസേവയാണ് നടത്തിയത്.












Click it and Unblock the Notifications