നാദാപുരം കൊല: പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സുധീരനോട് പറഞ്ഞത്... വീഡിയോ
നാദാപുരം: നാദാപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനോട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത്. അക്രമം നടത്തിയത് മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സംഭാഷണത്തില്‍ വ്യക്തമാണ്.
കെപിസിസി അധ്യക്ഷനെ കൂടാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു, ടി സിദ്ധിഖ് തുടങ്ങിയ നേതാക്കളും പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ ഇവര്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

മുസ്ലീം ലീഗിലെ സജീവ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ രാജേഷും വിജീഷും പറയുന്നുണ്ട്. കേസിലെ മുഖ്യ പ്രതിയായ തെയ്യമ്പാടി ഇസ്മായില്‍ നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നതായും ഇവര്‍ പറയുന്നു. സിപിഎമ്മുകാരില്‍ ഒരാളെ കൊല്ലുമെന്നാണത്രെ ഇസ്മായില്‍ ഭീഷണി മുഴക്കിയിരുന്നത്.
ലീഗുകാര്‍ തങ്ങളെ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് രാജേഷും വിജീഷും പറയുന്നത്. അക്രമത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം പാലിച്ച മൗനത്തേയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒരു പ്രസ്താവന ഇറക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്ന് സുധീരനോട് പറയുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും സുധീരന്‍ മറുപടി പറയുന്നില്ല.
രണ്ട് പ്രവര്‍ത്തകരുടേയും ഫോണ്‍ നമ്പര്‍ ടി സിദ്ദിഖിനോട് എഴുതിയെടുക്കാന്‍ സുധീരന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യണം എന്ന് ആവശ്യപ്പെട്ടെങ്കിലും സുധീരന്‍ ഒന്നും പറയാതെ കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തിറങ്ങുകയായിരുന്നു.












Click it and Unblock the Notifications