മതവിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍: നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍
തിരുവനന്തപുരം: വിവാദമായ നമോ ടിവിയുടെ ഉടമയും അവതാരകയും അറസ്റ്റില്‍. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഇവര്‍ നമോ ടിവി എന്ന യുട്യൂബ് ചാനല്‍ വഴി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐപിസി 153 എ വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ കോടതി ഇവരുടെ ഹര്‍ജി തള്ളി അറസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പായതോടെയാണ് ഇവര്‍ കീഴടങ്ങിയത്. തിരുവല്ല എസ്എച്ച്ഒ വിനോദിന് മുമ്പാകെയാണ് കീഴടങ്ങിയത്.

നമോ ടിവിയുടെ ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു ഇരുവരും സ്‌റ്റേഷനിലെത്തിയത്. നേരത്തെ ഇവര്‍ക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും നടത്തിക്കൊണ്ട് നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ആയിരുന്നു പരാതിക്ക് അടിസ്ഥാനം. വീഡിയോ വിവാദമായതോടെയാണ് സതീശന്‍ അടക്കം രംഗത്ത് വന്നത്.
അതേസമയം സെപ്റ്റംബര്‍ 19ന് പോലീസ് കേസെടുത്തതിന് പിന്നാലെ ചാനല്‍ ഉടമയും അവതാരകയും ഒളിവില്‍ പോയിരുന്നു. ഒളിവിലിരുന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചത്. തിരുവല്ല കേന്ദ്രീകരിച്ചാണ് നമോ ടിവി പ്രവര്‍ത്തിക്കുന്നത്. ചാനലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ഇവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. പരമാവധി മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും, കേരളം ഒരിക്കലും കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications