പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്: ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദർശിക്കും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദർശിക്കും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തുന്ന അദ്ദേഹം തുടർന്ന് ഹെലികോപ്ടറിലാകും മേപ്പാടിയിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചേക്കും.

സന്ദർശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി സംഘം ഉടന്‍ വയനാട്ടിലെത്തും. കേരളത്തിലേക്ക് ഒരു സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
ഇന്ന് തന്നെ വയനാട്ടിലെത്തുന്ന എസ് പി ജി സംഘ മേഖലയില്‍ പരിശോധന നടത്തും. അതോടൊപ്പം തന്നെ നാളെ മുതല്‍ നിർണ്ണായക യോഗങ്ങളും നടക്കും. പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ഭൂമി സന്ദർശിക്കാത്തതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ ഇന്ന് പാർലമെന്റില്‍ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് കേരളവും നോക്കിക്കാണുന്നത്. ദുരന്തം നേരിട്ട വയനാടിനായി കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോയെന്നും സംസ്ഥാനം ഉറ്റുനോക്കുന്നു.
അതേസമയം, ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് ഒറ്റ ദിവസംകൊണ്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ചുണ്ടേൽ റോമന്‍ കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ നബീലിന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനാണ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായി വന്നത്.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷാ വിഭാഗവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് ലഭ്യമാക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.
നഷ്ടപ്പെട്ട സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. മേപ്പാടി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രധാന അധ്യാപകന്‍ പി പോള്‍ ജോസ്, മേപ്പാടി ക്യാമ്പ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ അഖില മോഹന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.












Click it and Unblock the Notifications