അഫ്‌സാനയും സുഹൃത്തുക്കളും നൗഷാദിനെ മര്‍ദ്ദിച്ചു, മരിച്ചെന്ന് കരുതി; മൊഴിക്ക് പിന്നില്‍
പത്തനംതിട്ട: തൊടുപുഴയില്‍ നിന്നും കണ്ടെത്തിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായി പൊലീസ്. ഈ സംഭവത്തിന് ശേഷമാണ് നൗഷാദിനെ കാണാതായത്. അവശനിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഭാര്യയും സുഹൃത്തുക്കളും അടൂര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ നിന്ന് പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
നാഷാദ് മരിച്ചെന്ന് കരുതി ഇവര്‍ ഉപേക്ഷിച്ച് പോയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് അഫ്‌സാന പൊലീസിന് മൊഴി നല്‍കിയത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഭാര്യ അഫ്‌സാനയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് നൗഷാദ് പറയുന്നത്. ഭാര്യയെയും സുഹൃത്തുക്കളെയും പേടിച്ചാണ് നാട് വിട്ടതെന്നും തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും നൗഷാദ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ കാരണമാണ് നാടുവിട്ടത്. തിരിച്ചുപോകാന്‍ താല്‍പര്യമില്ല. രാവിലെ പത്രവാര്‍ത്തയിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'ഇനി ഭാര്യയുടെ അടുത്തേക്ക് തിരികെ പോകാന്‍ താല്‍പര്യമില്ല, തൊമ്മന്‍ കുത്തില്‍ പറമ്പില്‍ പണി എടുക്കുകയാണ്. ഇവിടെ വന്നതിന് ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഭാര്യ എന്തുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന മൊഴി കൊടുത്തതെന്ന് അറിയില്ല, ഭാര്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകാം'- നൗഷാദ് പറഞ്ഞു.
2021ലായിരുന്നു നൗഷാദിനെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളും ലഭിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം നൗഷാദിന്റെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൃതദേഹത്തിനായി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പത്രവാര്‍ത്ത കണ്ടതോടെയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് നൗഷാദ് രംഗത്തെത്തിയത്.
അതേസമയം, നൗഷാദില്‍ നിന്നും അഫ്സാന ഗാര്‍ഹിക പീഡനം നേരിട്ടിട്ടുണ്ടെന്നാണ് വിവരം. മദ്യപിച്ച് കഴിഞ്ഞാല്‍ നൗഷാദ് സ്ഥിരമായി അഫ്സാനയെ മര്‍ദ്ദിക്കുമായിരുന്നെന്നും പലപ്പോഴും മര്‍ദ്ദനം സഹിക്കവയ്യാതെ അഫ്സാന തങ്ങളുടെ വീട്ടില്‍ എത്താറുണ്ടെന്ന് പ്രദേശവാസി ഷാനി പറഞ്ഞിരുന്നു.












Click it and Unblock the Notifications