നവകേരള സദസിന് മഞ്ചേശ്വരത്ത് തുടക്കം; കോൺഗ്രസിനെതിരെ മുഖ്യമന്ത്രി,ബസ് വിവാദത്തിലും പ്രതികരണം
മഞ്ചേശ്വരം: യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നുവെന്നും ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരത്ത് നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാറ്റങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങൾ അവർക്കൊപ്പം അണിനിരക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ ഉയർത്തിയത്.
'നമ്മുടെ നാട് പലകാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നാടാണ്. ആ മുന്നോട്ട് പോക്കിന് വല്ലാത്തൊരു തടസം നമുക്കു അനുഭവപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി കേരളമാകെ കടുത്ത നിരാശയിൽ കഴിഞ്ഞൊരു കാലമുണ്ടായിരുന്നു. 2016 ന് മുമ്പ് എല്ലാ മേഖലയിലും കേരളീയർ കടുത്ത നിരാശയിലായിരുന്നു. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നോ', അദ്ദേഹം ചോദിച്ചു.

'സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽനിന്ന് എങ്ങനെയെങ്കിലും മറച്ചുവെക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിക്കുകയായാണെന്നും കൂട്ടിച്ചേര്‍ത്തു. അത് സംസ്ഥാന താത്പര്യമല്ല. അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാൽ ജനങ്ങൾ അതിനോടൊപ്പമില്ല. ജനങ്ങൾ അതിന്റെ കൂടെ അണിനിരക്കാനും തയ്യാറല്ല. അതുകൊണ്ടാണ് 2021-ൽ എൽഡിഎഫ് സർക്കാരിനെ 99 സീറ്റുകൾ നൽകി തുടർഭരണം കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്.
ആ സർക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാകും. ബിജെപിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാം. പക്ഷെ നാടിനുവേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ നടക്കാൻ പാടില്ലെന്നും ഇപ്പോൾ ഇത് വേണ്ട എന്നും നിലപാട് എടുക്കുന്നതിന് എന്താണ് അർഥം. ഇത് തീർത്തും സർക്കാർ പരിപാടിയാണ്. സാധാരണഗതിയിൽ ഈ പരിപാടിയിൽ ഒരു പ്രധാന റോളിൽ ഇവിടുത്തെ എംഎൽഎ ഉണ്ടാകേണ്ടതായിരുന്നു. അതത് മണ്ഡലത്തിലെ എംഎൽഎയുടെ അധ്യക്ഷതയിൽ സംഘാടക സമിതിക്ക് രൂപം കൊടുക്കാനായിരുന്നു. എന്നാൽ അദ്ദേഹത്തെ വിലക്കിയ കോൺഗ്രസ് നടപടി ജനാധിപത്യ വിരുദ്ധമാണ്', പിണറായി പറഞ്ഞു.
ആഡംബര ബസ് വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. 'ബസിന്റെ ആഡംബരം എന്താണെന്ന് ഞങ്ങൾ എത്ര പരിശോധിച്ചിട്ടും മനസിലായിട്ടില്ല. ഈ പരിപാടിക്ക് ശേഷം ഇതേ ബസിൽ തന്നെ കയറിയാണ് കാസർഗോഡേക്ക് പോകുന്നത്. മാധ്യമപ്രവർത്തകരോടുള്ള അഭ്യർത്ഥന നിങ്ങളും ആ ബസിൽ കയറി അകം മുഴുവൻ പരിശോധിച്ച് ആർഭാടമൊക്കെ പരിശോധിക്കാം', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications