ആറ്റിങ്ങല്‍ ചരിത്രം മാറ്റിയെഴുതും: മോദി കരുത്താകും, ബിജെപി വിജയിക്കുമെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരും മാത്രമല്ല ആറ്റിങ്ങലിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നതാണ് ബി ജെ പിയുടെ പ്രതീക്ഷ. മോദിയുടേയും കേന്ദ്ര സർക്കാരിലുമുള്ള പ്രതീക്ഷയും വിശ്വാസവും ആറ്റിങ്ങലില്‍ ബി ജെ പിക്ക് വിജയം കൊണ്ടുവരുമെന്നാണ് എന്‍ ഡി എ സ്ഥാനാർത്ഥിയായ വി മുരളീധരന്‍ പറയുന്നത്.
'മണ്ഡലം ഒരുമാറ്റം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാൽ അത് ക്ളീഷേയാണ്. പക്ഷെ വികസനം നിഷേധിക്കപ്പെടുന്ന ഒരു മണ്ഡലമാണ് ഇതുവരെ കാണാനായത്' എന്നാണ് കേരളകൗമുദിക്കു നൽകിയ പ്രത്യേക അഭിമുഖത്തില്‍ വി മുരളീധരന്‍ പറയുന്നത്. ഒരു സ്ഥാനാർത്ഥിയായല്ല, അവർക്കൊപ്പം ഒരു സേവകനായിട്ട് നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് അവർക്ക് മനസ്സിലായിട്ടുണ്ടെന്നാണ് എന്റെ വിശ്വാസമെന്നും വി മുരളീധരന്‍ പറഞ്ഞു.

കണക്കുകളും സംഘടനാശക്തിയും സമ്പത്തും ഒന്നുമല്ല, ജനങ്ങള്‍ ഒപ്പം ഉണ്ട് എന്നത് തന്നെയാണ് എന്റെ ആത്മവിശ്വാസം. തലസ്ഥാന ജില്ലയിലെ ഒരു മണ്ഡലമാണ് ആറ്റിങ്ങല്‍. എന്നിട്ടും ഈ മണ്ഡലത്തോടെ വലിയ അവഗണനയാണ് കാണിക്കുന്നത്. റോഡായാലും റെയിലായാലും ആറ്റിങ്ങളിലിലെ ജനങ്ങളുടെ താത്പര്യം ആരും പരിഗണിച്ചിരുന്നില്ല. ഇതുവരെ ഉണ്ടായ എംപിമാർ രാഷ്ട്രീയ വിജയമാണ് നേടിപ്പോകുന്നത്. അവർ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അതിന് മാറ്റമുണ്ടാകും.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വികസനത്തിന് എനിക്ക് മനസ്സില്‍ ഒരു മാസ്റ്റർ പ്ലാനുണ്ട്. അത് ഞാന്‍ നടപ്പിലാക്കും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേന്ദ്രസർക്കാരിന്റെ ഫണ്ടുപയോഗിച്ച് ഔട്ടർ റിംഗ് റോഡ് നിർമ്മിക്കും. അതാണ് ജനങ്ങള്‍ക്ക് നല്‍കാനുള്ള പ്രധാന വാഗ്ദാനം. നാടിന്റെ വികസനതാത്പര്യവും രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് ആറ്റിങ്ങലില്‍ നടക്കുന്നത്. മറ്റ് രണ്ട് മുന്നണികളുടെ സ്ഥാനാർത്ഥികള്‍ രാഷ്ട്രീയം മാത്രം പറയുകയും ജനങ്ങളെ അതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ എന്നാ ബി ജെ പി രാഷ്ട്രീയം പറയാതെ വികസനമാണ് പറയുന്നതെന്നും എന്‍ ഡി എ സ്ഥാനാർത്ഥി പറയുന്നു.
സംസ്ഥാന സർക്കാറിന്റെ ഭരണത്തില്‍ ജനങ്ങള്‍ വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് ബി ജെ പിക്ക് വോട്ടായി മാറും. കേന്ദ്രത്തിലെ മോദി ഭരണത്തില്‍ വലിയ പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ട്. വികസിത ഭാരത് സങ്കൽപയാത്രയിൽ രണ്ടുലക്ഷം പേരാണ് ആറ്റിങ്ങലിൽ നിന്നു മാത്രം പങ്കെടുത്തത്. അവർക്കെല്ലാം വലിയ രീതിയിലുള്ള സഹായം ലഭിച്ചു. വിദേശത്ത് ജോലിക്കും പഠിക്കാനും മറ്റും പോയവർക്കും മോദി സർക്കാരിന്റെ ആശ്വാസകഥകൾ പറയാനുണ്ട്. ഇതെല്ലാം മണ്ഡലത്തില്‍ എന്‍ ഡി എയ്ക്ക് വോട്ടായി മാറുമെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications