നേമം സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്, ഭരണസമിതി അംഗങ്ങളുടെ വീട്ടിലും പരിശോധന
തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ നേമം സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി നടപടി. നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. സിപിഎം ഭരണസമിതി 97 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയില്‍ ആണ് ഇഡിയുടെ പരിശോധന നടക്കുന്നത്.
ഭരണ സമിതി അംഗങ്ങളുടെ വീടുകളിലും ഇഡി പരിശോധന നടക്കുകയാണ്. മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ് കുമാര്‍ അടക്കം മൂന്ന് പ്രതികളാണ് ഈ കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആളാണ് ആര്‍. പ്രദീപ് കുമാര്‍. പ്രദീപിനെ കൂടാതെ മറ്റ് പ്രതികളും കോടികളുടെ തിരിമറി നടത്തി എന്നാണ് കണ്ടെത്തല്‍.

34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂ എന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ 10.73 കോടി രൂപയാണ് ആകെ കിട്ടാനുള്ളത്. എന്നാല്‍ ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ. മുന്‍ സെക്രട്ടറിമാരായ എസ് ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെ ക്രമക്കേടാണ് നടത്തിയത്.
എ ആര്‍ രാജേന്ദ്ര കുമാര്‍ 31.63 കോടി രൂപയുടെയും എസ് എസ് സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകള്‍ നടത്തി എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും വലിയ തുക നഷ്ടം വരുത്തിയിട്ടുണ്ട്. ഇതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപയാണ് ബാങ്കിന് നഷ്ടമുണ്ടാക്കിയത്.
നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് വലിയ ബാധ്യതയുണ്ടാക്കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രാജേന്ദ്ര കുമാര്‍ ആണ് അവസാനം പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാളെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതില്‍ ക്രൈം ബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിശദമായ രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ മറ്റു പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് നേമം സഹകരണ ബാങ്ക് തട്ടിപ്പ്.
ഇവിടെ നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെയാണ് നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പും ചര്‍ച്ചയാകുന്നത്. സംസ്ഥാനത്ത് 12 ഓളം സഹകരണ ബാങ്കുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് ഇഡി കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ അറിയിച്ചത്.
അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്‍, ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് കഴിഞ്ഞ വര്‍ഷം ഇഡി ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളാണ് ഇവ.












Click it and Unblock the Notifications