കോണ്‍ഗ്രസിന് പുതിയ തലവേദന: മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ലിംഗായത്ത് വിഭാഗം, ദളിതരും രംഗത്ത്
ബെംഗളൂരു: കർണാടകയില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തീവ്രയജ്ഞം തുടരുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ദില്ലിയിലെത്താതിരുന്ന കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ ഇന്ന് രാവിലെയോടെ ദില്ലിയിലെത്തി നേതാക്കളെ കണ്ടു. സിദ്ധരാമയ്യയാവട്ടെ കഴിഞ്ഞ ദിവസം തന്നെ ദില്ലിയിലെത്തിയിരുന്നു. കൃത്യമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ രാഹുല്‍ ഗാന്ധി തന്നെ അതൃപ്തി പ്രകടപ്പിച്ചുവെന്നാണ് സൂചന.
ഇരുനേതാക്കളും തങ്ങളുടെ അവകാശവാദം ശക്തമാക്കിക്കൊണ്ടിരിക്കുന്നതാണ് എ ഐ സി സി നേതൃത്വം നേരിടുന്ന പ്രശ്നം. ഇതിനിടെയാണ് വിവിധ ജാതി-മത സമുദായ സംഘടനകളും മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഓൾ ഇന്ത്യ വീരശൈവ മഹാസഭയാണ് ഇത്തരത്തില്‍ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്ന സംഘടന.
തിരഞ്ഞെടുപ്പിന് മുമ്പ് ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോണ്‍ഗ്രസിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം തന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരിൽ 34 പേരും ലിംഗായത്തുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൾ ഇന്ത്യ വീരശൈവ മഹാസഭയുടെ അവകാശാവാദം. ഒരു കാലത്ത് ബി ജെ പിയുടെ ശക്തമായ വോട്ട് ബാങ്കായിരുന്നു ലിംഗായത്തുകള്‍ ഇത്തവണ അവരെ കൈവിട്ടതാണ് കോണ്‍ഗ്രസ് വിജയത്തില്‍ നിർണ്ണായകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത കത്തിൽ, കോൺഗ്രസ് സമുദായത്തിൽ നിന്ന് 46 സ്ഥാനാർത്ഥികളെ നിർത്തിയെന്നും അതിൽ 34 പേർ വിജയിച്ചെന്നും അഖിലേന്ത്യ വീരശൈവ മഹാസഭ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തവണ ദാവൻഗെരെ സൗത്തിൽ നിന്ന് വിജയിച്ച കർണാടകയിലെ ഏറ്റവും പ്രായം കൂടിയ എംഎൽഎയും 91 കാരനായ ഷമനുരു ശിവശങ്കരപ്പയുമാണ് അഖിലേന്ത്യ വീരശൈവ മഹാസഭയുടെ അധ്യക്ഷന്‍ എന്നതും ശ്രദ്ധേയമാണ്. പ്രമുഖ ലിംഗായത്ത് സംഘടനയില്‍ നിന്ന് വേർപ്പെട്ടവർ രൂപീകരിച്ചതാണ് അഖിലേന്ത്യ വീരശൈവ മഹാസഭ.
"സ്വന്തം സമുദായത്തില്‍പ്പെട്ടവർക്ക് പുറമെ, മറ്റ് 50 മണ്ഡലങ്ങളിൽ മറ്റ് ചെറിയ സമുദായങ്ങളില്‍പ്പെട്ടവരെ വിജയിപ്പിക്കുന്നതില്‍ ഞങ്ങളുടെ കമ്മ്യൂണിറ്റി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് കാണിക്കുന്നത് ബിജെപിയുടെ പരമ്പരാഗത വോട്ടർമാർ കോൺഗ്രസ് പാർട്ടിയിലേക്ക് കൂറ് മാറ്റി. ഇതിലൂടെ സംസ്ഥാനത്ത് 134 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കാന്‍ സാധിച്ചുവെന്നും കത്തിൽ പറയുന്നു.

കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന വിഭാഗമാണ് ലിംഗായത്. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പാർട്ടികളും അവരുടെ പിന്തുണയ്‌ക്കായി ശ്രമിക്കാറുമുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ ലിംഗായത്തുകള്‍ കളം മാറ്റുന്നതിന്റെ സൂചനകള്‍ ശക്തമായിരുന്നു. സമുദായത്തിലെ പ്രമുഖ നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മണ്‍ സാവദി എന്നിവർ ബി ജെ പി വിട്ട് വന്നതും കോണ്‍ഗ്രസിന് അനുകൂല ഘടകമായി. തല്‍ഫലമായി ലിംഗായത്ത് വിഭാഗത്തിന് സ്വാധീനമുള്ള കല്യാണ്‍ കർണാടക മേഖലയില്‍ കോണ്‍ഗ്രസ് വലിയ തോതില്‍ സീറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്തു.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമുദായത്തിന്റെ പിന്തുണ നിലനിർത്തേണ്ടത് പ്രധാനമാണെന്നും വീരശൈവ സംഘടന എ ഐ സി സി അധ്യക്ഷന്‍ അയച്ച കത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. "മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുത്ത്, ഒരു വീരശൈവ ലിംഗായത്ത് സമുദായ നേതാവിനെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒപരിഗണിക്കണമെന്ന് ഞങ്ങൾ കോൺഗ്രസ് പാർട്ടിയോട് അഭ്യർത്ഥിക്കുന്നു," കത്തിൽ പറയുന്നു.

ദളിത് വിഭാഗത്തിൽ നിന്നാണ് മറ്റൊരു അവകാശവാദം. ദളിത് നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വരയുടെ അനുയായികൾ പ്രകടനം നടത്തിയത്. തുംകൂരിൽ നടന്ന യോഗത്തിൽ ദളിതൻ മുഖ്യമന്ത്രിയാകണം എന്നെഴുതിയ പ്ലക്കാർഡുകളും പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ജി പരമേശ്വര പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഡികെ ശിവകുമാറിന് വേണ്ടി വൊക്കലിഗ വിഭാഗവും രംഗത്തുണ്ട്. തെക്കൻ കർണാടകയിൽ ആധിപത്യം പുലർത്തുന്ന സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽപ്പെട്ടയാളാണ് ശിവകുമാർ. മധ്യ, വടക്കൻ കർണാടകയിൽ ഗണ്യമായ സാന്നിധ്യമുള്ള പിന്നാക്ക ജാതി വിഭാഗമായ ഒരു കുറുബയാണ് സിദ്ധരാമയ്യയുടെ സമുദായം. ഇവരാവട്ടെ സിദ്ധരാമയ്യക്ക് ഒരു അവസരം കൂടെ നല്‍കണമെന്നാണ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications