29 തൊഴില്‍ നിയമങ്ങളാണ് റദ്ദായത്; പുതിയ ലേബര്‍ കോഡ് തൊഴില്‍ ഉടമകള്‍ക്ക് അനുകൂലം എന്ന് സിപിഎം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ ചട്ടങ്ങള്‍ക്കെതിരെ സിപിഎം. തൊഴില്‍ ഉടമകള്‍ക്ക് അനുകൂലമായ വിധത്തിലാണ് പുതിയ ചട്ടം എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
നിയമം ലളിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ പൂര്‍ണമായും തൊഴില്‍ ഉടമക്ക് അനുകൂലമാണ്. തൊഴില്‍ സൃഷ്ടിക്കാനും നിക്ഷേപത്തിനും വഴിവെക്കുമെന്ന വാദം പൊള്ളയാണ്. പണി മുടക്കിനുള്ള അവകാശം എടുത്തുകളയുക, തൊഴിലാളികളുടെ കൂട്ടായ് സമരത്തെ ക്രിമിനല്‍ വല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളും പുതിയ ചട്ടങ്ങള്‍ക്ക് പിന്നിലുണ്ട് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി.

സിപിഎം പ്രതികരണം വായിക്കാം: ''മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളിദ്രോഹ ലേബര്‍ കോഡുകള്‍ അടിയന്തരമായി പിന്‍വലിക്കണം. ട്രേഡ് യൂണിയനുകളും ജനാധിപത്യശക്തികളും ഐക്യത്തോടെ പ്രക്ഷോഭമുയര്‍ത്തണം. സര്‍ക്കാരിന്റെ ഏകാധിപത്യ സമീപനം ചെറുത്ത് തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുകയും കൂടുതല്‍ സമഗ്രതയോടെ ഉറപ്പുവരുത്തുകയും വേണം.
പോരാട്ടങ്ങളിലൂടെ നേടിയെടുത്തതും തൊഴിലാളികളെ ഒരു പരിധിവരെ സംരക്ഷിച്ചിരുന്നതുമായ 29 തൊഴില്‍ നിയമങ്ങളാണ് റദ്ദായത്. പരാധീനതകളുണ്ടായിരുന്നെങ്കിലും ഒരു പരിധിവരെ വേതനം, തൊഴില്‍സമയം, സാമൂഹ്യസുരക്ഷ, വ്യവസായ സുരക്ഷ, പരിശോധനാ സംവിധാനങ്ങള്‍, കൂട്ടായ വിലപേശല്‍ എന്നിവ സാധ്യമായിരുന്നു. എന്നാല്‍, നിയമം ലളിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന കോഡുകള്‍ പൂര്‍ണമായും തൊഴിലുടമകള്‍ക്ക് അനുകൂലമായി മാറി. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും നിക്ഷേപത്തിനും ഇതു വഴിവയ്ക്കുമെന്ന വാദം പൊള്ളയാണ്.
തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ട അര്‍ഥവത്തായ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കാമെന്ന ഉറപ്പില്‍ ദേശീയ അന്തര്‍ദേശീയ മൂലധനം ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പണിമുടക്കിനുള്ള അവകാശം എടുത്തുകളയുക, തൊഴിലാളികളുടെ കൂട്ടായ സമരത്തെ ക്രിമിനല്‍വല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.
സര്‍ക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും സംരക്ഷണയില്‍ തൊഴിലാളികളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും ഞെരിച്ചമര്‍ത്താന്‍ കുത്തകവര്‍ഗത്തെ ഏകപക്ഷീയമായി ശാക്തീകരിച്ചുള്ള ജംഗിള്‍രാജ് സംവിധാനമാണത്. തൊഴിലാളികളുമായി ശരിയായ ത്രികക്ഷി കൂടിയാലോചന നടത്താതെയും ജനാധിപത്യഫെഡറല്‍ മര്യാദകള്‍ ലംഘിച്ചും കോഡുകള്‍ കൊണ്ടുവന്നത് അപലപനീയമാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെയാണവ പാസാക്കിയത്.
നിഷേധിക്കാനാവാത്ത വാദമുഖങ്ങളിലൂടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോഡുകള്‍ക്കെതിരായി ഉയര്‍ത്തിയ വിയോജിപ്പുകളെ ധിക്കാരപൂര്‍വം നിരാകരിച്ചിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍.''












Click it and Unblock the Notifications