വ്യാജ ഡിഗ്രിക്കായി ചെലവാക്കിയത് 2 ലക്ഷം; ഏജൻസിയെ പരിചയപ്പെടുത്തിയത് എസ്എഫ്ഐ മുൻ ഏരിയാ പ്രസിഡന്റെന്ന് നിഖിൽ
തിരുവനന്തപുരം: രണ്ട് ലക്ഷം രൂപ നൽകിയാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയതെന്ന് മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ മൊഴി. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി അബിൻ സി രാജാണ് ഏജൻസിയെ പരിചയപ്പെടുത്തിയതെന്നും നിഖിൽ പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് എബിൻ തന്നോട് പറഞ്ഞിരുന്നുവെന്നും നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ ധരിപ്പിച്ചു. അതിനാലാണ് എംകോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ പോലീസിനോട് വ്യക്തമാക്കി. അതേസമയം നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അബിൻ സി രാജിനെ പ്രതി ചേർത്തേക്കുമെന്ന് സൂചനയുണ്ട്.

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ ശനിയാഴ്ച പുലർച്ചെയോടെയാാണ് നിഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്-തിരുവനന്തപുരം കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യവേ കോട്ടയം ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു അറസ്റ്റ്. കൊടകരയിലേക്ക് പോകാനായിട്ടാണ് നിഖിൽ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേസ് എടുത്തതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ ഒളിവിലായിരുന്നു നിഖിൽ.
കായംകുളം എംഎസ്എം കോളേജിലെ ഡിഗി വിദ്യാർത്ഥിയായിരുന്നു നിഖിൽ തോമസ്. ഇവിടുന്ന് ഡിഗ്രി പരീക്ഷ ഇയാൾ പാസായിരുന്നില്ല. തുടർന്ന് കലിംഗ യൂനിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് നൽകി ഇതേ കോളേജിൽ നിഖിൽ എംകോമിന് ചേരുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിഖിലിനെ എസ്എംഎം കോളേജ് പരാതി നൽകി. തുടർന്നാണ് പോലീസ് നിഖിലിനെതിരെ കേസെടുത്തത്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
നിഖിലിന്റ െസർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കലിംഗ യൂനിവേഴ്സിറ്റിയും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ നിഖിലിനെതിരെ അന്വേഷണം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചിരുന്നു. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നിഖിലിനെ സി പി എം പുറത്താക്കി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിവാദത്തിന് പിന്നാലെ എസ് എഫ് ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.


Click it and Unblock the Notifications