നിലമ്പൂര്‍ കൊല:ബലാത്സംഗമല്ലെന്ന് രാസപരിശോധന
മലപ്പുറം:നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് തൂപ്പുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് രാസപരിശോധന ഫലം. രാധയുടെ ആന്തരിക അവയവങ്ങള്‍ കോഴിക്കോട്ടെ മെഡിക്കല്‍ എക്സാമിനേഷന്‍ ലാബിലാണ് രാസപരിശോധനക്ക് വിധേയമാക്കിയത്.
കേസിന്റെ തുടക്കം മുതലേ പോലീസ് ആവര്‍ത്തിച്ച് പറഞ്ഞ കാര്യത്തെ സാധൂകരിക്കുന്നതാണ് രാസപരിശോധന ഫലം. ബലാത്സംഗം നടന്നിട്ടില്ലെന്ന് പോലീസിന്റെ വാദം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതായാണ് പോലീസ് അറിയിച്ചത്.
രാധയുടെ ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയ മുറിവാണ് ബലാത്സംഗം എന്ന സംശയത്തിന് വഴിവച്ചത്. എന്നാല്‍ ഇത് ഓഫീസ് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന ചൂലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പിഎ ആയിരുന്ന ബിജു നായര്‍, സുഹൃത്ത് ഷംസുദ്ദീന്‍ എന്നിവരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരല്ലാതെ മറ്റാരും കുറ്റ കൃത്യത്തില്‍ പങ്കാളികളായിട്ടില്ല എന്ന നിലപാടിലാണ് പോലീസ്. അന്വേഷണം ഉന്നതങ്ങളിലേക്ക് നീളാതെ പോലീസ് ഒതുക്കുകയാണെന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications