നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല? ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് വിദേശകാര്യ വകുപ്പ്
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ചുള്ള യാതൊരു ഔദ്യോഗിക വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയതായി ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. മോചനം സംബന്ധിച്ചുള്ള കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും കാന്തപുരം വ്യക്തമാക്കി ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് വധശിക്ഷ റദ്ദ് ചെയ്യാനുളള തീരുമാനം കൈക്കൊണ്ടത് എന്നായിരുന്നു കാന്തപുരത്തിന്റെ ഓഫീസ്അറിയിച്ചത്. ഇതാണ് ഇപ്പോൾ കേന്ദ്രസർക്കാർ തള്ളിയിരിക്കുന്നത്.

ജുലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു നേരത്തെ യെമൻ ഭരണകുടത്തിന്റെ തീരുമാനം. എന്നാൽ കാന്തപുരം മുസ്ലീയാർ യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി സംസാരിച്ച് പിന്നീട് വധശിക്ഷ നീട്ടിവെയ്ക്കുകയായിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്തെത്തി. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
അതിനിടെ വധശിക്ഷ റദ്ദ് ചെയ്തുവെന്നാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രനെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വധശിക്ഷ എന്ന ആവശ്യത്തിൽനിന്നും പിന്മാറാൻ തലാലിന്റെ കുടുംബത്തിൽ ധാരണയായിട്ടുണ്ട്. തലാലിന്റെ മക്കളും മാതാപിതാക്കളും ജീവിച്ചിരിക്കുന്നതിനാൽ അവരാണ് ഇനിയുള്ള തീരുമാനം കൈക്കൊള്ളേണ്ടത്. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമേ സഹോദരനു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും സുഭാഷ് ചന്ദ്രനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലാലിന കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. അതേസമയം ക്രൂരപീഡനത്തെ തുടർന്ന് അത്തരമൊരു കടുംകൈ ചെയ്തതെന്നാണ് നിമിഷ പ്രിയയുടെ വിശദീകരണം. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നേരത്തേ അപ്പീല്‍ നൽകിയെങ്കിലും യെമന്‍ സുപ്രീം കോടതി ഈ ആവശ്യം തള്ളി. തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ല. ഇതോടെയാണ് വധശിക്ഷയുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്.












Click it and Unblock the Notifications