നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് മുന്‍ കരുതലെടുത്തില്ല: വിമർശനവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തതു കൊണ്ടാണ് നിപ ആവർത്തിച്ച് വരുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണ്. നിപ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നിട്ടും ഒന്നും നടന്നില്ലെന്നും അദ്ദേഹം പറയുന്നു.
പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വീണ്ടും വരാൻ കാരണമെന്ന് വ്യക്തമാണ്. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. 1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴുമുള്ളത്.

ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകാനുള്ള പ്രധാന കാരണം. എൻഎച്ച്എമ്മിന്റെ ആരോഗ്യപ്രവർത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
2018ൽ നിപ ആദ്യമായി വന്നപ്പോൾ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയിൽ എത്താത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. പരിശോധനയിലെ കാലതാമസം ഉണ്ടാവാതിരിക്കാൻ കേരളത്തിൽ വൈറോളജി ലാബുകൾ ആവശ്യമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ മൂന്നാം തവണയും പരിശോധനാ ഫലം ലഭിക്കാൻ ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്.
നിപ സ്ഥിരീകരണത്തിന് പൂനെ ലാബിലെ ടെസ്റ്റ് നിർബന്ധമാണെന്ന് ഐസിഎംആർ മാർഗനിർദേശങ്ങളിൽ എവിടെയും പറയുന്നില്ല. എന്നാൽ സംസ്ഥാന ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. നിപ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണവും ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളത്. മഹാമാരി നാടിനെ അക്രമിക്കുമ്പോഴും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന മന്ത്രിമാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം,നിപ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. 30ന് മരിച്ചയാളുടെ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്‍ക്കും നിപ വൈറസ് പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണ്. നിപ രോഗികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. അവരുടെ ചികിത്സ ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കും നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രബാസ് നാരായണ, ടീം അംഗങ്ങളായ ഡോ. രാധാകൃഷ്ണന്‍ നായര്‍, ഹീര പിള്ള, സനുഘോഷ്, കാര്‍ത്തിക, വിനീത എന്നിവര്‍ ഫ്‌ളാഗ് ഓഫില്‍ പങ്കെടുത്തു.












Click it and Unblock the Notifications