'ഹിന്ദി അറിയാത്തവർക്ക് കേന്ദ്ര ജോലിയില്ല'; ശുപാർശ ഭരണഘടനാവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഹിന്ദി അറിയാത്തവർക്ക് ഇനിമേൽ കേന്ദ്രസർക്കാരിൽ ജോലി നൽകേണ്ടതില്ല എന്ന ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശ ഭരണഘടനാവിരുദ്ധമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സമിതി. പ്രസ്തുത സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും ഭാഷാ വൈവിധ്യത്തെയും തകർക്കുന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശ പ്രകാരം കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാക്കാനും ഹിന്ദി അറിയുന്നവർക്ക് മാത്രമായി കേന്ദ്ര സർക്കാർ ജോലി പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. കേന്ദ്ര സർക്കാർ നടത്തുന്ന കത്തിടപാടും ഓഫീസ് പ്രവർത്തനവും ഹിന്ദി ഭാഷയിലേക്ക് മാറ്റുകയും കേന്ദ്ര സർവ്വകലാശാലകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദി മീഡിയം മാത്രമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. ഭാഷാപരമായ വിവേചനം സൃഷ്ടിക്കുന്നതാണ് ഭൂരിപക്ഷം ശുപാർശകളും.

നാനാത്വത്തിൽ ഏകത്വം എന്ന ഏറ്റവും ഉന്നതമായ സങ്കല്പത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും തകർത്ത് ഏകശിലാത്മകമായ ഹിന്ദു രാഷ്ട്ര നിർമ്മിതിയാണ് ഈ ശുപാർശയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ ജോലിയിൽ ജാതി, മതം, ഭാഷ തുടങ്ങിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും പാടില്ലെന്ന ഭരണഘടനാ തത്വത്തിന്റെ നഗ്നമായ ലംഘനമാണിത്. വിവിധ ഭാഷാ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കാനുള്ള ഇടപെടലാണ് ആർ എസ് എസ് ലക്ഷ്യം വയ്ക്കുന്നത്. ഹിന്ദി, ഹിന്ദു , ഹിന്ദുസ്ഥാൻ എന്ന ആർ.എസ്.എസ് അജണ്ട അടിച്ചേൽപ്പിക്കാനുളള ഇത്തരം ശുപാർശകൾ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ ഹനിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു.
ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണം. വർഗ്ഗീയ വംശീയ, ഭാഷാ വിവേചനം സൃഷ്ടിക്കുന്ന നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ഈ വിഷയം ഉന്നയിച്ച് ഡി വൈ എഫ് ഐ ദേശവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications