സ്‌കൂളുകളില്‍ ആണ്‍ പെണ്‍ വേര്‍തിരിവ് വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: എല്‍പി, യുപി സ്‌കൂളുകളില്‍ ആണ്‍ പെണ്‍ വേര്‍ തിരിവ് വേണ്ടെന്ന് കേരള ഹൈക്കോടി. എല്‍പി, യുപി സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളായി കണക്കാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പാലക്കാട് സ്വദേശിനിയായ ജയശ്രീ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പാലക്കാട് കുനിശേരി സീതാ റാം യുപി സ്‌കൂളില്‍ മകളെ ചേര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിക്കാത്തതാണ് പരാതിക്ക് കാരണം.
ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ്, പെണ്‍കുട്ടികളെ ചേര്‍ക്കാന്‍ പറ്റില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. ഒന്നാം ക്ലാസിലേക്കാണ് ജയശ്രീ മകളെ ചേര്‍ത്താനെത്തിയത്. ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമെന്ന് പറഞ്ഞ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീയെ മടക്കിയയക്കുകയായിരുന്നു.

പ്രൈമറി തലത്തില്‍ ബോയ്‌സ് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും ഗേള്‍സ് സ്‌കൂളുകളില്‍ ആണ്‍ കുട്ടികളെ ചേര്‍ക്കുന്നതിനും തടസമില്ലെന്ന കോടതി പറഞ്ഞു. ഇതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ഉത്തരവ് പോലും വേണ്ട. പിന്നെന്തിനാണ് കുട്ടിയെ ചേര്‍ക്കാന്‍ വിസമ്മതിച്ചതെന്ന് കോടതി ചോദിച്ചു.
ചെറിയ കുട്ടികള്‍ക്കിടയില്‍ എന്തിനാണ് ആണ്‍ പെണ്‍ വേര്‍തിരിവെന്നാണ് കോടതി ചോദിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സമത്വവും സാഹോദര്യവുമെക്കെ വളരാന്‍ ഒന്നിച്ചുള്ള പഠനം ഗുണകരമാണ്. ചെറിയ പ്രായത്തില്‍ കുട്ടികളെ വേര്‍തിരിച്ചാല്‍ അത് സമൂഹത്തിന് ദോഷകരമാകുമെന്നും കോടതി വിലയിരുത്തി. എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയില്‍ വരുന്ന ഉത്തരവാദിത്തമാണിത്.
പ്രത്യേക സാഹചര്യങ്ങളില്‍ ഹൈസ്‌കൂളിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചേര്‍ക്കുന്നതിന് തടസമില്ല. ഹൈസ് കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നിടത്ത് സാധാരണഗതിയില്‍ ആണ്‍കുട്ടികളെ ചേര്‍ക്കാറില്ല. എന്നാല്‍, പരിസരത്തു ബോയ്‌സ് സ്‌കൂള്‍ ഇല്ലെങ്കില്‍ ഏഴുവരെ ക്ലാസുകളില്‍ 12ല്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെ ചേര്‍ക്കുന്നതില്‍ നിയമപ്രശ്‌നമില്ല.
12 വയസ്സു പൂര്‍ത്തിയാകുന്നതോടെ അക്കാദമികവര്‍ഷം കഴിയുമ്പോള്‍ സ്‌കൂള്‍വിട്ടു പോകണമെന്ന് മാത്രമാണ് വ്യവസ്ഥ. സമീപത്തു ഗേള്‍സ് സ്‌കൂളില്ലെങ്കില്‍ ഡയറക്ടറുടെ അനുമതിയോടെ ബോയ്‌സ് സ്‌കൂളില്‍ പെണ്‍കുട്ടികളെയും ചേര്‍ക്കാനുമാകും. എന്നാല്‍ കേരളത്തില്‍ ഇതൊന്നും പാലിക്കപ്പെടാറില്ലെന്നു മാത്രം. രക്ഷിതാക്കളും ഇങ്ങനെ കുട്ടികളെ ചേര്‍ക്കാന്‍ താല്‍പര്യപ്പെടാറില്ലെന്നതാണ് വസ്തുത.












Click it and Unblock the Notifications