ബാഗ് നിറയെ യുഎഇ ദിര്‍ഹം!! ആ നെഞ്ച് വേദന അടവായിരുന്നു; വേഗം പണക്കാരനാകാന്‍ നോക്കി പെട്ടു
വേഗത്തില്‍ പണമുണ്ടാക്കാന്‍ നോക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: വേഗത്തില്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങിയവരെല്ലാം കുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ മാത്രം സുഖകരമായ ജീവിതം നയിക്കാം, പിന്നീട് കെണി വരും... അതാണ് വേഗം കോടീശ്വരനാകാന്‍ നോക്കുന്നവര്‍ക്കെല്ലാം കിട്ടുന്ന എട്ടിന്റെ പണി. തിരുവനന്തപുരത്ത് സമാനമായ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ രൂപയ്ക്ക് പകരം യുഎഇ ദിര്‍ഹം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മലയാളി ഇന്ത്യ രൂപ കൊണ്ടുവന്നു. ഇതര സംസ്ഥാനക്കാര്‍ യുഎഇ ദിര്‍ഹവുമായി എത്തിച്ചു. പെട്ടികള്‍ കൈമാറി... പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

വേഗം പണമുണ്ടാക്കാനുള്ള വഴി
ഇതര സംസ്ഥാന തൊഴിലാളികളായ ചിലരാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അതില്‍ മലയാളി വീഴുകയായിരുന്നു. തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ കാഞ്ഞിരംകുളത്ത് ഒരു മൊബൈല്‍ ഷോപ്പ് നടത്തുന്നുണ്ട്. ഇവിടെ പതിവായി വരാറുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് പറ്റിച്ചത്. ഇവരുമായി ബന്ധമായതോടെ വേഗം പണമുണ്ടാക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകയാരുന്നു.

ഏഴ് ലക്ഷത്തിന് പകരം 11 ലക്ഷം
ഏഴ് ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ 11 ലക്ഷം രൂപയുടെ യുഎഇ ദിര്‍ഹം പകരം നല്‍കാമെന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ വിശ്വസിപ്പിച്ചത്. ഇരട്ടിയോളം ലാഭം ഒറ്റയടിക്ക് കിട്ടുമെന്ന് വിശ്വസിച്ച പൂവാര്‍ സ്വദേശി റെഡിയായി. പലയിടത്തുനിന്നായി പണം ഒപ്പിച്ചു. കരമന ഭാഗത്തുള്ള ചിലന്തിവല ക്ഷേത്രത്തിന് സമീപം വച്ചാണ് പണം കൈമാറിയത്.

നെഞ്ചുവേദനയും തട്ടിപ്പ്
ഏഴ് ലക്ഷം രൂപയുടെ ബാഗ് ആദ്യം കൈമാറി. പിന്നീട് യുഎഇ ദിര്‍ഹത്തിന്റെ ബാഗും കൈമാറി. ഇത് പരിശോധിക്കാന്‍ സമയം കിട്ടിയില്ല. ഇവിടെ വച്ച് പരിശോധിക്കേണ്ടെന്നായിരുന്നു ഇതരസംസ്ഥാന തൊഴിലാളികള്‍ പറഞ്ഞത്. ഈ വേളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതോടെ ആകെ വെപ്രാളമായി. ഇയാളെ ആശുപത്രിയിലെത്തിക്കുന്ന തിരക്കിലായി എല്ലാവരും.

കുറേ കടലാസ് കഷ്ണങ്ങള്‍
എന്നാല്‍ ആ നെഞ്ചുവേദന മറ്റൊരു അടവാണെന്ന് പിന്നീടാണ് പൂവാര്‍ സ്വദേശിക്ക് മനസിലായത്. ഇയാള്‍ ദിര്‍ഹത്തിന്റെ പെട്ടി തുറന്നപ്പോള്‍ കണ്ടത് കുറേ കടലാസ് കഷ്ണങ്ങള്‍. ഇതോടെ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായ അദ്ദേഹം വേഗം കരമന പോലീസിനെ സമീപിച്ച് സംഭവം വിശദീകരിച്ചു. പോലീസ് നടപടിയും വേഗത്തിലായി.

ദിര്‍ഹത്തിന്റെ കെട്ടുകള്‍
യുഎഇ ദിര്‍ഹത്തിന്റെ കെട്ടുകള്‍ പ്രതീക്ഷിച്ച പൂവാര്‍ സ്വദേശിക്ക് ലഭിച്ചത് കടലാസ് കഷ്ണങ്ങളാണ്. വൈകിയാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന് മനസിലാക്കിയ പൂവാര്‍ സ്വദേശി അതിവേഗം പോലീസില്‍ പരാതിപ്പെട്ടു. തട്ടിപ്പുകാര്‍ ബൈക്കുകളിലാണ് എത്തിയിരുന്നത്. ഇതിലൊന്ന് കര്‍ണാടക രജിസ്‌ട്രേഷനിലായിരുന്നു. ഇതിപ്പോള്‍ ബീമാപള്ളിയിലെ വ്യക്തിയാണ് ഓടിക്കുന്നത് എന്ന് പോലീസിന് ബോധ്യമായി.

സംഘത്തിലെ പ്രധാനി മലപ്പുറത്ത്
ബൈക്കുകളിലെത്തിയ വ്യക്തികളെ കുറിച്ച് പോലീസിന് വിവരം കിട്ടി. കിഴക്കേകോട്ട, പഴവങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് പോലീസ് നാല് പ്രതികളെ പിടികൂടി. സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിയിട്ടിട്ടുണ്ട് എന്നാണ് വിവരം. സംഘത്തിലെ പ്രധാനി മലപ്പുറത്താണുള്ളത് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിവരം പുറത്തായതോടെ...
മലപ്പുറത്തുള്ള സംഘത്തിലെ പ്രധാനിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. തിരുവനന്തപുരത്ത് അറസ്റ്റ് നടന്നുവെന്ന് ബോധ്യമായതിനാല്‍ സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പൂവാര്‍ സ്വദേശിക്ക് പണം തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.












Click it and Unblock the Notifications