അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല; പൊലീസിന്റെ തന്ത്രം പാളി
കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ പീഡനത്തില്‍ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അഞ്ജലി റിമ ദേവിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ നോട്ടീസ് നേരിട്ട് കൈപ്പറ്റിയിരുന്നില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പൊലീസ് നോട്ടീസ് കൈമാറിയത്. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നോട്ടീസ് കൈപ്പറ്റിയ ബന്ധു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടില്‍ നോട്ടീസ് പതിയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇതിനിടെ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ള റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ അഞ്ജലി നോട്ടീസ് കൈപ്പറ്റാതിരുന്നതോടെ ഈ നീക്കം പാളി. അതേസമയം റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. വയനാട് സ്വദേശിനിയായ അമ്മയുയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ ബലാത്സംഗ പരാതിയാണ് കേസിനാസ്പദമായ സംഭവം.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റിമാ ദേവ്. നിലവില്‍ ജാമ്യത്തിലാണ് അഞ്ജലി റിമ ദേവ്. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍ പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസിന് പിന്നില്‍ ബ്ലാക് മെയിലിംഗാണെന്നും പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണം എന്നുമാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്.

ചില രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ആറു പേര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നുമാണ് അഞ്ജലി പറയുന്നത്. റോയ് വയലാട്ടിനെ കുടുക്കാന്‍ തന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും പറയുന്നത്. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണി ഭയന്നാണ് പരാതി പറയാന്‍ വൈകിയതെന്നുമാണ് ഇവര്‍ നല്‍കിയ മൊഴി.
Recommended Video


റോയ് വയലാട്ടിന്റെ സഹായി അഞ്ജലിയാണ് തങ്ങളെ കൊച്ചിയിലേക്കെത്തിച്ചതെന്നും പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന്റെ പേരില്‍ വിവാദത്തിലായ ഹോട്ടലാണ് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍. മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമാണ് കൊച്ചിയിലെ വാഹാനപകടത്തില്‍ മരിച്ചത്.

ഈ സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഇതില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രതി സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ വാഹനം പിന്തുടര്‍ന്നതാണ് മോഡലുകളടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. റോയ് വയലാട്ടും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദേശിച്ചുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്.












Click it and Unblock the Notifications