അഹിന്ദുക്കൾക്ക് ക്ഷേത്രങ്ങൾക്ക് സമീപം കച്ചവടം നടത്താനാകില്ല: കർണാടക നിയമമന്ത്രി ജെസി മധുസ്വാമി
ബെംഗളൂരു: അഹിന്ദുക്കൾക്ക് സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് സമീപം കച്ചവടം നടത്താനാകില്ലന്ന് കർണാടക നിയമമന്ത്രി ജെസി മധുസ്വാമി. കർണാടക ഹിന്ദു മത സ്ഥാപനങ്ങൾ, ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട് പ്രകാരം അഹിന്ദു കച്ചവടക്കാർ ക്ഷേത്രങ്ങളുടെ പരിസരങ്ങളിലോ വസ്തുവകകളിലോ കച്ചവടം നടത്തുന്നത് വിലക്കുന്നുണ്ടെന്നും കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് നിയമം പാസാക്കിയതെന്നും നിയമമന്ത്രി ജെ സി മധുസ്വാമി ബുധനാഴ്ച നിയമസഭയിൽ അറിയിക്കുകയായിരുന്നു.
ഉഡുപ്പി ഉള്‍പ്പടേയുള്ള തീരദേശ കർണാടകയിലെ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും അഹിന്ദുക്കൾ കച്ചവടം നടത്തുന്നത് തടയാനുള്ള ക്ഷേത്ര കമ്മിറ്റികളുടെ തീരുമാനത്തെ ചോദ്യം ചെയ്ത കോൺഗ്രസ് അംഗങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അഹിന്ദുക്കളുടെ കച്ചവടങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ചില സംഘടനകൾ ക്ഷേത്രങ്ങൾക്ക് സമീപം ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ചോദ്യമുയർത്തിയത്.

സമൂഹത്തിൽ സമാധാനം തകർക്കുന്ന ഇത്തരം സംഭവങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. "സർക്കാരിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. 2003-ലെ കർണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെയും നിയമപ്രകാരം, അഹിന്ദുക്കൾക്ക് ഭൂമി, കെട്ടിടം അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ മറ്റേതെങ്കിലും സ്ഥലങ്ങൾ പാട്ടത്തിന് നൽകാനാവില്ല, "അദ്ദേഹം പറഞ്ഞു. ഈ നിയമങ്ങൾ ഉണ്ടാക്കിയത് ബി ജെ പിയല്ല, അന്ന് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസാണ് ഇതിന് കാരണക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡുകളിലും ക്ഷേത്രങ്ങള്‍ക്ക് പുറത്തും ബാനറുകൾ സ്ഥാപിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ക്ഷേത്രങ്ങൾക്ക് സമീപമുള്ള വഴിയോരക്കച്ചവടക്കാർ തങ്ങളുടെ ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്യുന്നവരെ ദ്രോഹിക്കുന്ന നടപടിയാണ് ഇതെന്നും കോണ്‍ഗ്രസ് എംഎൽഎ യു ടി ഖാദർ പറഞ്ഞു.
"അവർ മോഷ്ടിക്കുകയോ കൊള്ളയിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. അവർ മാന്യമായ ജീവിതമാണ് നയിക്കുന്നത്. എന്നാൽ ചില നിക്ഷിപ്ത താൽപ്പര്യങ്ങൾ കാരണം, അഹിന്ദുക്കളെ അവരുടെ ബിസിനസ്സ് ചെയ്യാൻ അനുവദിക്കില്ലെന്ന് ശഠിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ആരാണ് ആ പോസ്റ്ററുകൾ പതിച്ചതെന്ന് പറയുന്നില്ല. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ഭീരുക്കളാണിവർ. സമൂഹത്തിലെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്ന വർഗീയ ഘടകങ്ങളാണ് കൊള്ളരുതായ്മ ചെയ്യുന്നത്. പോലീസും കേസെടുക്കാൻ വിസമ്മതിക്കുന്നു" അദ്ദേഹം പറഞ്ഞു.
വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ വർഷങ്ങളായി സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് ശിവാജിനഗർ എംഎൽഎ റിസ്വാൻ അഹമ്മദും പറഞ്ഞു. എല്ലാ മതപരമായ ആഘോഷങ്ങൾക്കും എല്ലാ മതങ്ങളുടെയും സംഭാവനകളുണ്ട്. "എന്നാൽ ഒരു പ്രത്യേക മതത്തെ നിരോധിക്കുന്നത് അപകടകരമായ പ്രവണതയാണ്, അത് മോശമായതിൽ നിന്ന് ഏറ്റവും മോശമായതായി മാറും," അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications