പിസി ജോർജുമായി കേവല അടുപ്പം മാത്രം; വിവാദങ്ങൾ വിവാദങ്ങളുടെ വഴിക്ക് പോകുമെന്ന് ഡോ. ജോ ജോസഫ്
കൊച്ചി; മുൻ എംഎൽഎ പി.സി ജോർജുമായി ഉള്ളത് കേവല അടുപ്പം മാത്രം എന്ന് തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സിക്സർ അടിച്ചു തന്നെ സെഞ്ച്വറി തികക്കുമെന്നും പോസിറ്റീവ് രാഷ്ട്രീയം മാത്രമാണ് ജനങ്ങൾ ചർച്ച ചെയ്യുന്നത് എന്നും ഡോക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു സ്വകാര്യ ചിനലിന് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഡോക്ടർ ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് ക്യാമ്പിൽ നിന്ന് ഡോക്ടറും പി.സി ജോർജും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പി.സിയുമായി വെറും കേവല അടുപ്പം മാത്രം ആണ് ഉള്ളതെന്ന് ഡോക്ടർ പറഞ്ഞു. "താൻ ഒരു പൂഞ്ഞാറുകാരൻ ആണ്. പിസി ജോർജ് വർഷങ്ങളായി പൂഞ്ഞാറിന്റെ എംഎൽഎ ആയി ഇരുന്ന ആളാണ്. ഈ നിലയിൽ ഉള്ള ബന്ധം മാത്രമാണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെ വ്യക്തിപരമായി വലിയ ആത്മബന്ധം തങ്ങൾക്കിടയിൽ ഇല്ല" ഡോക്ടർ വ്യക്തമാക്കി.

വികസന രാഷ്ട്രീയ ചർച്ചക്കിടയിൽ വിവാദങ്ങൾ കെട്ടെടങ്ങി. വിവാദങ്ങൾ വിവാദങ്ങളുടെ വഴിക്ക് പോകുമെന്നും ജനങ്ങൾ ആവേശകരമായാണ് പ്രതികരിക്കുന്നതെന്നും നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇന്നലെ വലിയ വിവാദം ആയിരുന്ന കാര്യങ്ങൾ ഇന്ന് ചെറിയ വിവാദം ആകുന്നു നാളെ അത് വിവാദമേ അല്ലാതെ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി നിരവധി വിവാദങ്ങൾ തലപൊക്കിയിരുന്നു ഇതിൽ പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.
തൃക്കാക്കര എംഎൽഎ ആയിരുന്ന പി.ടി തോമസിന്റെ മരണത്തെ തുടർന്നാണ് നിലവിൽ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. അതേ സമയം എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത.












Click it and Unblock the Notifications