പുതുപ്പള്ളിയിൽ മത്സരിക്കാനില്ലെന്ന് ജോർജ് കുര്യൻ; ലിജിൻ ലാൽ സ്ഥാനാർത്ഥിയായേക്കും
പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻ ഡി എ സ്ഥാനാർത്ഥിയായേക്കും. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ബി ജെ പി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ. നേരത്തേ ബിജെപി നേതാവ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുർന്നാണ് ലിജിന്റെ പേരിലേക്ക് എത്തിയതെന്നാണ് വിവരം.
2019 ൽ എൻ ഹരിയായിരിന്നു പുതുപ്പള്ളിയിൽ മത്സരിച്ചത്. എന്നാൽ 2016 നേക്കാൾ ബിജെപി വോട്ടുകൾ ഇവിടെ കുത്തനെ ഇടിഞ്ഞു. 11,694 വോട്ടുകളായിരുന്നു സ്ഥാനാർത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്. 2016 ൽ മണ്ഡലത്തിൽ പതിനാറായിരത്തിനടുത്ത് വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്നും പരമാവധി വോട്ടുകൾ നേടിയെടുക്കുകയാണ് ബി ജെ പി ലക്ഷ്യം.

അതേസമയം പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ വമ്പൻ റോഡ് ഷോ നടത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് തന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ഇന്ന് ജെയ്ക്ക് എൻ എസ് എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം നടത്തി.എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ജെയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗണപതി വിഷയത്തില്‍ ഭരണപക്ഷവും എൻഎസ്എസും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രി വി എൻ വാസനമൊപ്പമാണ് ജെയ്ക് പെരുന്നയിലെത്തിയത്. സുകുമാരൻ നായരുമായി ജെയ്ക്ക് കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിൽ എൻഎസ്എസിന്റെ പിന്തുണ തേടിയെടങ്കിലും സമദൂരം എന്ന നിലപാടായിരുന്നു സുകുമാരൻ നായർ അറിയിച്ചത്.
അതേസമയം ഉമ്മൻചാണ്ടിയുടെ 40ാം ചരമദിനത്തിന് ശേഷമായിരിക്കും യു ഡി എഫ് മണ്ഡലത്തിൽ പ്രചരണം ശക്തമാക്കിയേക്കുക. നിലവിൽ സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ്. വളരെ പോസിറ്റാവായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എൽ ഡി എഫ് സർക്കാരിനെതിരായ ജനവികാരമാണ് മണ്ഡലത്തിൽ തെളിയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 'സാധാരണക്കാരെ എൽ ഡി എഫ് സർക്കാർ പൂർണമായും തഴഞ്ഞിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. നാട്ടിലെ ജനങ്ങൾ സർക്കാരിനെ എന്താണ് ചിന്തിക്കുന്നതെന്നാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനം', ജെയ്ക്ക് സി തോമസ് പറഞ്ഞു.












Click it and Unblock the Notifications