നൗഷാദിനെ കൊന്നിട്ടില്ല; തൊടുപുഴയില്‍ ജീവനോടെ കണ്ടെത്തി, കേസില്‍ വന്‍ വഴിത്തിരിവ്
പത്തനംതിട്ട: കലഞ്ഞൂരില്‍ നിന്നും കാണാതായ നൗഷാദിനെ ( 36) തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. തൊമ്മന്‍കുഞ്ഞ് ഭാഗത്ത് നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. തൊടുപുഴ പൊലീസ് നൗഷാദിനെ ഡി വൈ എസ് പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കുടലില്‍ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതോടെയാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശത്തിലേക്ക് പൊലീസിനെ നയിച്ചത്. അതേസമയം, പൊലീസിനെ വട്ടം കറക്കുന്നതായിരുന്നു അഫ്‌സാനയുടെ മൊഴി.

അറസ്റ്റിലായ അഫ്‌സാനയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ വൈകീട്ട് പൊലീസ് അഫ്‌സാനയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിമാറ്റിയിരുന്നു. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടി ഓട്ടോയില്‍ കൊണ്ടു പോയെന്നാണ് അഫ്‌സാന അവകാശപ്പെട്ടത്. എന്നാല്‍ പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പറയുന്നത്. അഫ്‌സാന ജോലിക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം ഡ്രൈവറെ വിട്ടയച്ചിരുന്നു.
നൗഷാദിന്റെ മൃതദേഹം ആദ്യം അടുത്തുള്ള സെമിത്തിരിയില്‍ ഉണ്ടെന്നാണ് അഫ്‌സാന പറഞ്ഞത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് വീടിനുള്ളില്‍ കുഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അവിടെ പരിശോധന നടത്തിയത്. എന്നാല്‍ അവിടെയും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ അഫ്‌സാനയെ വീട്ടില്‍ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തു.
ആരോടും വലിയ അടുപ്പമില്ലാതെയാണ് നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടക വീട്ടില്‍ കഴിഞ്ഞത്. വിശാലമായ ഒരു പറമ്പിന് നടുവിലാണ് ഇവരുടെ വീട്. അവിടെ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ നൗഷാദ് സ്ഥിരമായി അഫ്‌സാനയെ മര്‍ദ്ദിക്കുമായിരുന്നു. പലപ്പോഴും മര്‍ദ്ദനം സഹിക്കവയ്യാതെ അഫ്‌സാന തങ്ങളുടെ വീട്ടില്‍ എത്താറുണ്ടെന്ന് പ്രദേശവാസി ഷാനി പറഞ്ഞു. രണ്ട് കുട്ടികളുമായി എത്തുന്ന അഫ്‌സാനയെ ഏറെ നേരം കഴിഞ്ഞ് നൗഷാദ് വന്ന് വിളിച്ച് കൊണ്ടു പോകാറാണ് പതിവ്.
2021ലായിരുന്നു നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളും ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications