രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 1,67,059 പേര്‍ക്ക്
ദില്ലി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വലിയ തോതില്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,67,059 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ ദിവസം ഇത് രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. നിലവില്‍ 17,43,059 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.20 ശതമാനം മാത്രമാണ്. ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം വലിയ തോതില്‍ കുറയുന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,076 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,92,30,198 ആയി. 94.60% ആണ് ദേശീയ രോഗമുക്തി നിരക്ക്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,28,672 പരിശോധനകള്‍ നടത്തി. ആകെ 73.06 കോടിയിലേറെ (73,06,97,193) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15.25 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 11.69 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 61 ലക്ഷത്തിലധികം (61,45,767) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 166.68 കോടി (1,66,68,48,204) പിന്നിട്ടു. 1,83,14,397 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
അതേസമയം, കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 11 ജില്ലകളിലെ കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകളിൽ അതിഥികളുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുവദിച്ചിട്ടുണ്ട്, കൂടാതെ നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ, തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം.
തിങ്കളാഴ്ച, മഹാരാഷ്ട്രയിൽ 15,140 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തലേദിവസത്തേക്കാൾ 7,304 കേസുകളുടെ കുറവുണ്ട്. കൂടാതെ കോവിഡ് ബാധ മൂലം 39 മരണങ്ങൾ സംഭവിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാത്രി പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്തെ 11 ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ യോഗ്യരായ 90 ശതമാനത്തിലധികം ആളുകൾക്ക് COVID-19 നെതിരെ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചെന്നും അധികൃതൃ വ്യക്തമാക്കി.
മുംബൈ, പൂനെ, ഭണ്ഡാര, സിന്ധുദുർഗ്, റായ്ഗഡ്, രത്നഗിരി, സത്താറ, സാംഗ്ലി, ഗോണ്ടിയ, കോലാപൂർ, ചന്ദ്രപൂർ എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. സംസ്ഥാന ചീഫ് സെക്രട്ടറി ദേബാശിഷ് ചക്രബർത്തി പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സംസ്ഥാനത്തെ എല്ലാ ദേശീയ പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും. അതേസമയം വലിയ തോതിലുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്.
ഉത്തരവ് പ്രകാരം ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
"വിവാഹങ്ങൾക്ക് ഓപ്പൺ ഗ്രൗണ്ടിന്റെയും വിരുന്ന് ഹാളുകളുടെയും ശേഷിയുടെ 25 ശതമാനം വരെ അതിഥികളെ പ്രവേശിപ്പിക്കാം. അല്ലെങ്കിൽ 200, ഏതാണോ കുറവ് അത് സ്വീകരിക്കണം"- 11 ജില്ലകള്‍ സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം കേരളത്തില്‍ 42,154 പേര്‍ക്കായിരുന്നു ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications