ഓടുന്ന ബസിലും ഷീബയുടെ ചികിത്സ; തുണയായത് ഈ നഴ്സിന്റെ കരങ്ങൾ; യുവാവിന് ഇനി പുതുജീവൻ
കൊച്ചി: ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യുവാവിനെ പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മാതൃകയായി നഴ്സ് ഷീബ അനീഷ്. കെ എസ് ആർ ടി സി ബസിൽ ഏപ്രിൽ 16 - ന് രാവിലെ 9. 15 ഓടെയാണ് സംഭവം നടന്നത്. അങ്കമാലി സ്വദേശി വിഷ്ണു (24) ആണ് ബസിൽ കുഴഞ്ഞ് വീണത്.
അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ് ഷീബ അനീഷ്. കഴിഞ്ഞ പതിനാറിന് ഷീബ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറി.

ഇതിന് പിന്നാലെ പെട്ടെന്ന് ബസിനുള്ളിൽ ഒരു യുവാവ് കുഴഞ്ഞു വീണിരുന്നു. നിലത്ത് വീണ യുവാവിനെ ഫുട്ബോര്‍ഡിന് സമീപത്ത് നിന്ന് ഷീബ മാറ്റി കിടത്തി. തുടർന്ന് ഇദ്ദേഹത്തെ ഷീബ പരിശോധിച്ചു. പൾസ് കിട്ടാതെ വന്നപ്പോൾ ഉടൻ തന്നെ യുവാവിന് സി പി ആർ നൽകി
ഹൃദയാഘാതം വന്ന് മിടിപ്പ് താണു പോകുന്നവര്‍ക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദ്ദം ഏൽപ്പിക്കും. ഇത്തരത്തിൽ അതീവ പ്രാധാന്യം ഉള്ള പ്രഥമ ശുശ്രൂഷ ആണ് കാര്‍ഡിയോ പള്‍മനറി റിസ്യൂസിറ്റേഷന്‍ (സി പി ആര്‍). രണ്ടു തവണ സി പി ആർ പൂർത്തിയായപ്പോൾ യുവാവിന് അപസ്മാരം ഉണ്ടായി. ഇക്കാരണത്താൽ യുവാവിനെ ചരിച്ചു കിടത്തി വീണ്ടും സി പി ആർ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവാവിന് ബോധം വീണു. തുടർന്ന് ബസ് നിർത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു സാധാരണ യുവാവിന് യാത്രയിലും രക്ഷയാകുന്ന പ്രവർത്തിയാണ് ഷീബ ചെയ്തത്. രാത്രി ജോലി കഴിഞ്ഞ് രാവിലെ ആശുപത്രിയിൽ നിന്നും മടങ്ങുകയായിരുന്നു ഷീബ. 16 - ന് രാവിലെ 9.15 ന് കെ എസ് ആർ ടി സി ബസിൽ നടന്ന സംഭവത്തെ കുറിച്ച് ഷീബ പറയുന്നത് ഇങ്ങനെ -
ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ പുരുഷൻമാരുടെ ഭാഗത്ത് കൂടിയാണ് ഞാൻ ബസിൽ കയറിയത്. തിരക്ക് ആയിരുന്നു എങ്കിലും മുന്നോട്ട് മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് ഒരാൾ തോണ്ടുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഉടൻ തന്നെ തിരിഞ്ഞ് നോക്കിയിരുന്നു. ഈ സമയത്താണ് യുവാവ് പുറകിലോട്ട് മറിഞ്ഞ് വീഴുന്നത് കാണുന്നത്. പിന്നിൽ ഉണ്ടായിരുന്നവരോട് പിടിക്കാൻ പറഞ്ഞെങ്കിലും അതിന് മുൻപ് തന്നെ ഈ യുവാവ് വീണിരുന്നു.
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരോട് സഹായം തേടി. തുടർന്ന് കാല് ഫുട്ബോർഡിൽ നിന്നും മാറ്റി വച്ചു കിടത്തി. പൾസ് പരിശോധന നടത്തി. എന്നാൽ, പൾസ് ലഭിച്ചില്ല. ഓടുന്ന ബസിലായത് കൊണ്ടും പൾസ് കൃത്യം അറിയാൻ സാധിക്കാതെ വന്നു. ആദ്യ സി പി ആർ കൊടുത്തു. ഇതോടെ യുവാവ് ഇച്ചിരി അനങ്ങാൻ തുടങ്ങി അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സി പി ആർ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു.
ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകൾ നൽകി. ഇതിനിടെ ഉണർന്ന യുവാവ് ആദ്യം അമ്പരന്നു. 'എനിക്ക് എന്താണു പറ്റിയത്' എന്നു ചോദിച്ചാണ് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. അടുത്ത സ്റ്റോപ്പിൽ നിർത്താം എന്നാണ് ബസ് ജീവനക്കാർ പറഞ്ഞത്.
തുടർന്ന് കുഴഞ്ഞ് വീണ യുവാവിനെ അങ്കമാലിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സ നൽകി. ഇയാൾക്ക് ഹൃദ്രോഗം പോലെ ഉള്ള പ്രശ്നങ്ങൾ ഇല്ല എന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞ് പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.












Click it and Unblock the Notifications