ഒഡീഷ ട്രെയിൻ അപകടം: 'കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം': മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു, മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു..

വെള്ളിയാഴ്ചയാണ് 3 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് എക്‌സപ്രസ് പാളം തെറ്റി തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മറിയുകയും ഷാലിമർ- കോറമണ്ഡൽ എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ അടുത്ത ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി മറിഞ്ഞ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽ 288 പേരാണ് മരിച്ചത്. 900 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു,അതേസമയം അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് പോകാനായി ഇന്ത്യൻ റെയിൽ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്.
02840 എന്ന നമ്പരിലുള്ള പ്രത്യേക ട്രെയിൻ ഇന്ന് ചെന്നൈ-ഹൗറ മെയിലിന്റെ ( ട്രെയിൻ നമ്പർ 12840) സമയക്രമം അനുസരിച്ച് ആയിരിക്കും ഓടുന്നത്. പ്രത്യേക ട്രെയിനിൽ പോകാൻ ഉദ്ദേശിക്കുന്ന കുടുംബാംഗങ്ങൾ ചെന്നൈ ഡിവിഷനിലെ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാനും യാത്രാവിവരങ്ങൾ രജിസ്റ്റർ ചെയ്യാനും റെയിൽവേ അഭ്യർത്ഥിച്ചു. പേര്, വിലാസം, ഫോൺ നമ്പർ എന്നിവയാണ് ആവശ്യമായ വിവരങ്ങൾ.












Click it and Unblock the Notifications